മുൻകരസേനാംഗം അജയ് കോതിയാലിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എ.എ.പി
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ പറഞ്ഞു.
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. മുൻകരസേനാംഗം അജയ് കോതിയാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് എഎപിയുടെ നീക്കം. അടുത്ത വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ പറഞ്ഞു.
അധികാരത്തിലെത്തിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളെ തുടർന്നാണ് കോതിയാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. സംസ്ഥാനത്തെ കൊള്ളയടിച്ച രാഷ്ട്രീയക്കാരിൽ നിന്ന് ഇടവേളയാണ് ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടതെന്നും അതിനാലാണ് മുൻ സൈനിക ഉദ്യോഗസ്ഥനെ തന്നെ തെരഞ്ഞെടുത്തതെന്നും കെജരിവാൾ വ്യക്തമാക്കി.
പാർട്ടി അധികാരത്തിലെത്തിയാൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് നേരത്തെ കെജരിവാൾ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിടാനാണ് എ.എ.പിയുടെ നീക്കം.
മുന്‍ കരസേനാംഗവും ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ(എന്‍.ഐ.എം.) മുന്‍ പ്രിന്‍സിപ്പലുമായ കേണല്‍ കോതിയാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് എ.എ.പി.യില്‍ ചേര്‍ന്നത്. 2013ലെ വെള്ളപ്പൊക്കത്തിനുശേഷം കേദാര്‍നാഥിന്റെ പുനഃരുദ്ധാരണത്തിന് ചുക്കാന്‍ പിടിച്ചത് കേണല്‍ കോതിയാലിന്റെ നേതൃത്വത്തിലായിരുന്നു. അതേസമയം ഗംഗോത്രിയിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തന്നെ കാതിയാലിനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്ന തിരാത്ത് സിങ് റാവത്ത് രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.