'ഷിൻഡെയുടെ സ്ഥാനം തെറിക്കും; അജിത് പവാർ മുഖ്യമന്ത്രിയാകും'; മഹാരാഷ്ട്രാ നാടകം ഇവിടെയും തീരില്ലെന്ന് ശിവസേന

'മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ശിവസേന വിമത എം.എൽ.എമാരും ഉടൻ അയോഗ്യരാക്കപ്പെടും. ഞായറാഴ്ചത്തെ സംഭവവികാസങ്ങളുടെ യഥാർത്ഥ പൊരുൾ അതാണ്.'

Update: 2023-07-03 09:44 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ മുഖ്യമന്ത്രിസ്ഥാനം ഉടൻ തെറിക്കുമെന്ന പ്രവചനവുമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. എൻ.സി.പിയിൽനിന്ന് ബി.ജെ.പി സഖ്യത്തിലേക്ക് കൂടുമാറിയ അജിത് പവാർ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷിൻഡെയ്‌ക്കൊപ്പമുള്ള ശിവസേന എം.എൽ.എമാർ അയോഗ്യരാക്കപ്പെടുമെന്നും റാവത്ത് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി മാറാൻ പോകുകയാണെന്ന് സഞ്ജയ് റാവത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ഏക്‌നാഥ് ഷിൻഡെയെ സ്ഥാനത്തുനിന്നു മാറ്റും. ഷിൻഡെയും 16 എം.എൽ.എമാരും അയോഗ്യരാക്കപ്പെടുമെന്നും അദ്ദേഹം വാദിച്ചു.

ബി.ജെ.പി ശിവസേനയെയും എൻ.സി.പിയെയും കോൺഗ്രസിനെയും തകർക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത് അവർക്ക് ഒരിക്കലും ഗുണംചെയ്യില്ല. 2024 തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും. അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ എൻ.സി.പി നേതാക്കൾ ഇപ്പോൾ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

ശിവസേന മുഖപത്രം 'സാംന'യുടെ മുഖപ്രസംഗത്തിലും ഇന്ന് ഇതേ വാദം ഉന്നയിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയല്ല അജിത് പവാർ ഷിൻഡെ സർക്കാരിനൊപ്പം ചേർന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. 'മുഖ്യമന്ത്രി ഷിൻഡെയും സേനയുടെ വിമത എം.എൽ.എമാരും ഉടൻ അയോഗ്യരാക്കപ്പെടും. അജിത് പവാർ അധികാരം ഏറ്റെടുക്കും. പുതിയ സംഭവവികാസങ്ങൾ ഒരിക്കലും സംസ്ഥാനത്തെ ജനങ്ങൾക്ക് നല്ലതിനാകില്ല. സംസ്ഥാനത്തിന് അത്തരമൊരു രാഷ്ട്രീയ പാരമ്പര്യമില്ല. ജനങ്ങൾ ഇതിനെ പിന്തുണയ്ക്കുകയുമില്ല.'-മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിമത എം.എൽ.എമാർ ശിവസേന വിട്ടതിന്റെ പ്രാഥമിക കാരണം എൻ.സി.പിയാണെന്നും 'സാംന' ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ അവരുതെ ഹിന്ദുത്വ വാദങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഷിൻഡെയും വിമതന്മാരും അയോഗ്യരാക്കപ്പെടാൻ പോകുകയാണ്. അതാണ് ഞായറാഴ്ചത്തെ സംഭവവികാസങ്ങളുടെ യഥാർത്ഥ പൊരുളെന്നും മുഖപ്രസംഗത്തിൽ വാദിച്ചു.

എന്നാൽ, സർക്കാർ ശക്തമായി തുടരുമെന്ന് ബി.ജെ.പി നേതാവ് നാരായൺ റാണെ തിരിച്ചടിച്ചു. 2024 വരെ ഷിൻഡെ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: Ajit Pawar will soon replace Maharashtra CM Eknath Shinde: Shiv Sena (UBT) leader Sanjay Raut

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News