വിദ്വേഷ പ്രസംഗം; അലഹാബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി

മുസ്‌ലിം ലീഗ് എംപിമാരാണ് പരാതി നൽകിയത്

Update: 2024-12-10 03:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ യാദവിന്‍റെ വിദ്വേഷ പ്രസംഗത്തിൽ രാഷ്ട്രപതിക്ക് എംപിമാർ പരാതി നൽകി. മുസ്‌ലിം ലീഗ് എംപിമാരാണ് പരാതി നൽകിയത്.

ഹൈക്കോടതി ലൈബ്രറി ഹാളിലാണ് വിദ്വേഷ പ്രസംഗം നടത്തിയെന്നത് ഗൗരവതരമാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എംപി മീഡിയവണിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസിനും പരാതി നല്‍കും. ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ്. സുപ്രിം കോടതി സ്വമേധയാ കേസെടുക്കണം. യാദവ് ഭരണഘടന വിരുദ്ധത കാട്ടുന്നത് ആദ്യമായിട്ടല്ല. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്. ജഡ്ജി പദവിയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളെന്ന് ജസ്റ്റിസ് യാദവ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാദവിന്‍റെ വിവാദ പരാമർശത്തിനെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രിം കോടതി ഇടപെടണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളിൽ വിശ്വഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജസ്റ്റിസിന്‍റെ വിവാദപരാമര്‍ശം. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് പറഞ്ഞ ജഡ്ജി, ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും രാജ്യം മുന്നോട്ടു പോവുകയെന്നും ജഡ്ജി വ്യക്തമാക്കി. ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഉടൻ യാഥാർഥ്യമാകും. ഏക സിവിൽ കോഡ് ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ്. ആർഎസ്എസും വിഎച്ച്പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നുവെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്.

ജസ്റ്റിസ് എസ്.കെ യാദവ് മുന്‍പും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. പശു ദേശീയ മൃഗമാകണമെന്നായിരുന്നു പരാമർശം. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് . പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള വിധിയിലായിരുന്നു ഈ പരാമർശം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News