ഹിന്ദു ബാലികയെ ശല്യപ്പെടുത്തിയെന്ന ആരോപണം; 107 ദിവസം ജയിലിൽ കിടന്ന മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

കുറ്റാരോപിതനായ യുവാവ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു, ആക്രമികൾ മാപ്പ് പറഞ്ഞതിനാൽ ഇനി കേസിനില്ലെന്ന് യുവാവ്

Update: 2024-12-04 12:11 GMT
Editor : ശരത് പി | By : Web Desk
Advertising

ഇൻഡോർ: ഹിന്ദു ബാലികയെ ശല്യപ്പെടുത്തി എന്ന ആരോപണത്തിൽ 107 ദിവസം ജയിലിൽ കിടന്ന മുസ്‌ലിം യുവാവിനെ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കി കോടതി. ആഗസ്റ്റ് 2021ൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് കേസിനാസ്പദമായ സംഭവം. യുപി സ്വദേശിയായ തസ്‌ലിം അലിയെ ആണ് കോടതി കേസിൽ വെറുതെവിട്ടത്.

അലിയെ ഒരു കൂട്ടം യുവാക്കൾ മർദിക്കുന്ന ദൃശ്യങ്ങൾ ഒരു വർഷം മുമ്പ്  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വള വിൽപ്പന എന്ന പേരിൽ അലി പെൺകുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു ഇവരുടെ ആരോപണം. വീഡിയോയിൽ അലിക്കെതിരെ യുവാക്കൾ വർഗീയമായി ആക്രോശിക്കുന്നതും കാണാമായിരുന്നു. 'ഹിന്ദു ക്ഷേത്ര' എന്ന പ്രദേശത്ത് വെച്ചാണ് അലിക്ക് മർദ്ദനമേറ്റത്. പ്രദേശത്ത് അലിയെ കണ്ടുപോകരുത് എന്നും യുവാക്കൾ പറയുന്നുണ്ട്. മർദ്ദനമേറ്റ തസ്‌ലിം അലി വള വിറ്റായിരുന്നു ഉപജീവനം കണ്ടെത്തിയിരുന്നത്.

ആക്രമണത്തിന് പിന്നാലെ അലി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അലിയെ പൊലീസ് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയായതിനാൽ അലിക്കെതിരെ പോക്‌സോ നിയമമായിരുന്നു ചുമത്തിയിരുന്നത്.

വെറുതെ വിട്ടതിന് പിന്നാലെ തനിക്കിത് ദു:ഖകരും സന്തോഷവുമുള്ള സംഭവമാണെന്നാണ് അലി പ്രതികരിച്ചത്. തനിക്കൊപ്പം നിന്നവരോടും തനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തവരോടും മർദ്ദിച്ചവരോടും നന്ദി പറഞ്ഞായിരുന്നു അലിയുടെ പ്രതികരണം. കേസ് കെട്ടിച്ചമച്ചതാണ്, ഹിന്ദു ക്ഷേത്രയിൽ പ്രവശിച്ച തന്നെ മതവും പേരും നോക്കി ആക്രമിക്കുകയായിരുന്നെന്ന്  അലി പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിനോടാണ് അലി പ്രതികരിച്ചത്.

മർദ്ദനമേറ്റതിന് പിന്നാലെ അലി ബൻഗംഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ മർദ്ദിച്ചെന്നും വർഗീയ ആക്രോശങ്ങൾ നടത്തി എന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇത് കൂടാതെ തന്റെ കയ്യിലുണ്ടായിരുന്ന 10,000 രൂപയും ഫോണും ആധാർ കാർഡ് അടക്കമുള്ള രേഖകളും അക്രമികൾ മോഷ്ടിച്ചെന്നും അലി പരാതിപ്പെട്ടിരുന്നു. അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തൊട്ടു പിന്നാലെ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരും പെൺകുട്ടിയും കൂറുമാറിയതാണ് അലിയെ വെറുതെ വിടാൻ കാരണമെന്ന് അലിയുടെ അഭിഭാഷകൻ പറഞ്ഞു. അലി തന്റെ പേര് മാറ്റിയാണ് ഹിന്ദു ക്ഷേത്രയിൽ വിൽപ്പനക്കെത്തിയത് എന്നതായിരുന്നു ഒരു പ്രധാന ആരോപണം, ഗോലു എന്ന പേര് അലിയുടെ ആധാർ കാർഡിലുണ്ടായിരുന്നു, ഇത് വ്യാജ പേരാണ് എന്നായിരുന്നു അലിക്കെതിരെ ഉണ്ടായിരുന്ന ആരോപണം. എന്നാൽ അലിയെ സ്വന്തം നാട്ടിൽ വിളിക്കുന്ന പേര് ഗോലു എന്നാണെന്ന് തെളിയിക്കാൻ സാധിച്ചത് അലിക്ക് അനുകൂലമായി. സംഭവ ദിവസം അലി തന്റെ പുതുക്കിയ ആധാർ കാർഡും കയ്യിൽ കരുതിയിരുന്നു. ഈ കാർഡിൽ അലിയുടെ മുഴുവൻ പേരും ഉണ്ടായിരുന്നു. കാർഡുകളെക്കുറിച്ച് രണ്ട് ഗ്രാമമുഖ്യൻമാരും കോടതിയിൽ മൊഴി നൽകി.

തന്റെ ജയിൽ വാസത്തെക്കുറിച്ചും അലി പ്രതികരിച്ചു. ആദ്യം താൻ വളരെ ബുദ്ധിമുട്ടിയെന്നും തന്നെ ഏകാന്ത തടവിലാണ് പാർപ്പിച്ചതെന്നും അലി പറഞ്ഞു. താൻ വളരെ ഭയപ്പെട്ടു, എന്നാൽ പൊലീസ് തന്നോട് മാന്യമായാണ് പെരുമാറിയത്. ഏകാന്തത തന്നെ അലട്ടിയില്ല, തന്നെ ആരും വേദനിപ്പിക്കുകയും ചെയ്തില്ല. നിയമത്തിലും നീതിയിലും താൻ വളരേയധികം പ്രതീക്ഷയർപ്പിച്ചിരുന്നെന്നും അലി പറഞ്ഞു. കേസിൽ 2021 ഡിസംബറിലാണ് അലിക്ക് ജാമ്യം ലഭിച്ചത്. തന്റെ അച്ഛനും മുത്തച്ഛനും വളക്കച്ചവടം തന്നെയാണ് നടത്തിയിരുന്നത്. തനിക്ക് ആറ് മക്കളുണ്ട് അവരെ പോറ്റണം യുപിയിലും പഞ്ചാബിലും ഇൻഡോറിലുമാണ് താൻ കച്ചവടം നടത്താറുള്ളത് ഇനിയും ഇൻഡോറിൽ കച്ചവടത്തിനായി പോകുമെന്നും അലി പറഞ്ഞു. കുറ്റവിമുക്തനായതിന് പിന്നാലെ ആക്രമികൾക്കെതിരെ കേസെടുക്കുമോ എന്ന ചോദ്യത്തിന്, അവർ തന്നോട് മാപ്പ് പറഞ്ഞെന്നും അക്രമികളോട് തനിക്ക് യാതൊരു വെറുപ്പും ഇല്ലെന്നായിരുന്നു അലിയുടെ മറുപടി.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News