അദാനി വിഷയത്തില്‍ ഉലഞ്ഞ് ഇന്‍ഡ്യാ മുന്നണി; കോണ്‍ഗ്രസിന്‍റെ ഏകോപനമില്ലായ്മയെന്ന് എസ്‍പി
യുപിയിലെ സംഭല്‍ വെടിവെപ്പിനെക്കാള്‍ വലുതാണോ അദാനി വിഷയമെന്നാണ് സമാജ്‍വാദി പാര്‍ട്ടി ചോദിക്കുന്നത്
ഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. അദാനിക്കെതിരെ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നിന്നും മുന്നണിയിലെ സഖ്യകക്ഷികള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ നിലവിലെ അജണ്ടകള്‍ മാറ്റിവെച്ച് അദാനിയുടെ അഴിമതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറിയിരുന്നു.
പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ഒന്നാം ദിവസം തന്നെ ഇന്‍ഡ്യാ സഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അദാനി വിഷയം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ഇതുന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍നിന്നും ടിഎംസി വിട്ടുനില്‍ക്കുകയും ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, മണിപ്പുര്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ തങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുമ്പോള്‍ അദാനി വിഷയവുമായി മുന്നോട്ടു പോകാനുള്ള കോണ്‍ഗ്രസിന്‍റെ നിലപാടായിരുന്നു തൃണമൂലിനെ ചൊടിപ്പിച്ചത്.
എസ്‍പിക്കും ഇതേ നിലപാടാണ്. യുപിയിലെ സംഭല്‍ വെടിവെപ്പിനെക്കാള്‍ വലുതാണോ അദാനി വിഷയമെന്നാണ് സമാജ്‍വാദി പാര്‍ട്ടി ചോദിക്കുന്നത്. ചൊവ്വാഴ്ച പാര്‍ലമെന്‍റ് വളപ്പില്‍ നടത്തിയ ഇന്‍ഡ്യാ മുന്നണി നടത്തിയ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നത് അതേസമയത്ത് മറ്റൊരു യോഗമുണ്ടായതുകൊണ്ടാണെന്നാണ് എസ്‍പിയുടെ വിശദീകരണം. ''അദാനി അവരുടെ (കോൺഗ്രസ്) വിഷയമാണ്. ഞങ്ങൾ ഒരു പ്രാദേശിക പാർട്ടിയാണ്, ഞങ്ങളുടെ വിഷയം സംഭലാണ്, ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത് അല്ലെങ്കിൽ തടസ്സം സൃഷ്ടിച്ച് അതിനെ നേർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ഒരു എസ്‍പി നേതാവ് പറഞ്ഞു. അതുകൊണ്ടാണ് സംഭലില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തടഞ്ഞപ്പോള്‍ ഡിംപിൾ യാദവിൻ്റെ നേതൃത്വത്തിലുള്ള എസ്പി എംപിമാർ ലോക്സഭയിൽ കോൺഗ്രസിനൊപ്പം ഇറങ്ങിപ്പോയത്.
അദാനി പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, “ഞങ്ങളുടെ ഒരേയൊരു വിഷയം സംഭൽ ആണ്,” എസ്പി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു. ചൊവ്വാഴ്ച സംഭല്‍ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചപ്പോള്‍ എസ്‍പിക്കൊപ്പം കോണ്‍ഗ്രസും വാക്കൗട്ടില്‍ പങ്കെടുത്തിരുന്നു. എന്നാൽ കർഷകപ്രശ്നത്തിൽ കോൺഗ്രസ് ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ എസ്പി വിട്ടുനിന്നു. രാജ്യസഭയിൽ, സംഭൽ വിഷയത്തിൽ എസ്പി ഇറങ്ങിപ്പോയപ്പോൾ കോൺഗ്രസും എസ്പിക്കൊപ്പം നിന്നില്ല.എന്നാൽ, കോൺഗ്രസിൻ്റെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്ന് എസ്പി ആരോപിക്കുന്നു. “ബുധനാഴ്‌ച, രാജ്യസഭയിൽ കർഷകരുടെ പ്രശ്‌നം ഉന്നയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അവരോടൊപ്പം ഇറങ്ങിപ്പോയേനെ. അവർ അത് ഉയർത്തിയപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്,” ഒരു എസ്‍പി നേതാവ് വ്യക്തമാക്കി. എന്നാല്‍ അദാനി വിഷയം ഉന്നയിക്കുന്നതു തുടരണമെന്ന നിലപാടാണ് ഇന്‍ഡ്യാ സഖ്യത്തിലെ പാർട്ടി നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി സ്വീകരിച്ചത്.