'നെഞ്ചിൽ ചായുറക്കാൻ.. എംപി ഉണ്ടാല്ലോ' ശശി തരൂരിന്റെ "മങ്കി ബാത്ത്" അതിഥിയായി കുരങ്ങൻ
തരൂരിൻ്റെ ഫോട്ടോ കണ്ട് മോദി ഉടൻ ഗൊറില്ലയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് കമൻ്റ്
ശശി തരൂരിന്റെ 'മങ്കി ബാത്തണ്' നിലവിൽ ഫേസ്ബുക്കിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്നത്. ഡൽഹിയിലെ വീട്ടിലെ പൂന്തോട്ടത്തിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എംപി. പെട്ടെന്നാണ് ഒരു കുരങ്ങൻ തോട്ടത്തിൽ അലഞ്ഞുതിരഞ്ഞെത്തിയത്. കുറേ നേരം തോട്ടത്തിലൂടെ നടന്ന കുരങ്ങൻ ഒടുവിൽ തരൂരിന്റെ മടിയിൽ കയറിയിരിക്കുകയുമായിരുന്നു. അപ്രതീക്ഷിത അതിഥിയെ കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും കുഴപ്പക്കാരനല്ല കക്ഷിയെന്ന് തരൂർ മനസിലാക്കി. കുരങ്ങന് കഴിക്കാൻ വാഴപ്പഴം നൽകി.
രണ്ട് വാഴപ്പഴം കഴിച്ച് വയർ നിറഞ്ഞ കുരങ്ങന് പിന്നെ ഒന്ന് മയങ്ങണമെന്നായി. ഒട്ടും മടിച്ചില്ല, തരൂരിനെയും കെട്ടിപ്പിടിച്ച് നെഞ്ചിൽ ചായുറങ്ങുകയായി. ഏറെ നേരത്തിന് ശേഷം തരൂർ ഏണീറ്റപ്പോൾ കുരങ്ങൻ മടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
കുരങ്ങന്റെയും തരൂരിന്റെയും സൗഹൃദം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് തരൂരിന്റെ കമന്റ് സെക്ഷനിൽ അപൂർവ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് വന്നത്. കുരങ്ങന്റെ നഖം തട്ടി മുറിവായാൽ ഇഞ്ചക്ഷനെടുക്കണമെന്ന് മുന്നറിയിപ്പ് നൽകിയും ചിലർ വന്നിട്ടുണ്ട്. ഇത് കണ്ട് മോദി ഗൊറില്ലയെ കെട്ടിപ്പിടിച്ച് ഫോട്ടോ ഉടൻ ഇടാൻ സാധ്യതയുണ്ടെന്നും കമന്റുകൾ ഉണ്ട്.