'സുരക്ഷാസേന വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥം': ന്യായീകരിച്ച് അമിത് ഷാ, പ്രതിഷേധിച്ച് പ്രതിപക്ഷം
ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ടെന്ന് അമിത് ഷാ
നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സേന ശ്രദ്ധിക്കുമെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണസംഘം ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കുറ്റകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. വാഹനത്തിലുണ്ടായ ഗ്രാമീണരില്‍ 6 പേർ വെടിവെപ്പിൽ മരിച്ചു. തുടർന്നുണ്ടായ സംഘർഷത്തിലാണ് കൂടുതൽ പേർ മരിച്ചത്. നാഗാലൻഡ് സംഘർഷഭരിതമെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിച്ചു. രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നു. നിരപരാധികളെ സൈന്യം വെടിവെച്ചു കൊല്ലുകയാണെന്ന് കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് മോണ്‍ ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണർ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ട്രക്കില്‍ മടങ്ങുകയായിരുന്ന ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ആക്രമകാരികളെന്ന് സംശയിച്ച് ഗ്രാമീണർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണരെ കൊലപ്പെടുത്തിയ സൈനികർക്കെതിരായി ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സൈനിക ക്യാമ്പിലടക്കം വിന്യസിച്ചു. കൊഹിമയിലെ സൈനിക ക്യാമ്പിൽ പ്രതിഷേധവുമായി ഇന്നും നാട്ടുകാരെത്തി. ഗ്രാമീണര്‍ക്കു നേരെ ഒരു പ്രകോപനമില്ലാതെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. വെടിവെപ്പിൽ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങൾക്ക് നാഗാലാന്‍ഡ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.