കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലെത്തും

പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്

Update: 2022-04-24 01:35 GMT
Advertising

ഡല്‍ഹി: ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 29ന് കേരളത്തിലെത്തും. പിന്നാക്ക വിഭാഗങ്ങളെ എൻ.ഡി.എക്കൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് ലക്ഷ്യം . പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം.

ഇരു വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഇതിനെക്കാളേറെ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട. പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്‍റെ തുടക്കമാണ് അമിത് ഷാ പങ്കെടുക്കുന്ന പട്ടികജാതി സംഗമം. സംസ്ഥാനത്തെ വിവിധ പട്ടികജാതി വിഭാഗങ്ങളിലെ നേതാക്കളെ സംഗമത്തില്‍ പങ്കെടുപ്പിക്കും.

ലൗ ജിഹാദ്‌ വിഷയം ഉയര്‍ത്തി ക്രൈസ്തവ വിഭാഗത്തെ കൂടെക്കൂട്ടാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ചില ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശ്രമമുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണെങ്കിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ നേതൃമാറ്റം വേണ്ടെന്ന ധാരണയിലാണ് കേന്ദ്ര നേതൃത്വം. ബൂത്ത് തലത്തില്‍ പോലും 85 ശതമാനം പുനഃസംഘടന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മുരളീധര വിരുദ്ധ ഗ്രൂപ്പിന്‍റെ വാക്കുകള്‍ക്ക് നേതൃത്വം തല്‍ക്കാലം ചെവി കൊടുക്കില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News