അമിത് ഷായെയും യോഗി ആദിത്യനാഥിനെയും കർണാടകയിൽ വിലക്കണം: കോൺഗ്രസ്

നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Update: 2023-04-28 17:57 GMT
Advertising

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കർണാടക നിയമസഭാ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്. ന്യുനപക്ഷങ്ങൾക്കെതിരെ ഇരുവരും നടത്തിയ പരാമർശങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ലക്ഷ്യമിട്ട് ഇരുവരും വ്യാജവും വർഗീയപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്നും ഇതിന് അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ട് നിരോധനം പിൻവലിക്കുമെന്നായിരുന്നു അമിത് ഷായുടെ പരാമർശം.  'സംസ്ഥാനത്ത് തുടർച്ചയായി അക്രമങ്ങൾ നടത്തിയിരുന്ന പി.എഫ്.ഐയെ ഞങ്ങൾ നിരോധിച്ചു.സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ അവരെയെല്ലാം വിഹരിക്കാൻ വിട്ടു. പക്ഷേ, ഞങ്ങൾ അധികാരത്തിൽ വന്നതോടെ അവർ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് ജയിലിലടച്ചു. ഈ റിവേഴ്‌സ് ഗിയറുള്ള കോൺഗ്രസ് പറയുന്നത് തങ്ങൾ അധികാരത്തിൽ വന്നാൽ പി.എഫ്.ഐയുടെ നിരോധനം പിൻവലിക്കുമെന്നാണ്''- അമിത് ഷാ പറഞ്ഞു.

ഞങ്ങൾ സംവരണത്തിൽ വലിയ മാറ്റം വരുത്തി. കോൺഗ്രസ് കോലാഹലം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് അന്യായമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് എന്തിനാണെന്നും അമിത് ഷാ ചോദിച്ചു. ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നില്ല. എന്നാൽ കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകി. ഇപ്പോൾ ബിജെപി സർക്കാർ അത് ഒഴിവാക്കി. പകരം ലിംഗായത്ത്, വൊക്കലിഗകൾ, മറ്റ് സമുദായങ്ങൾ എന്നിവർക്ക് സംവരണം നൽകിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീങ്ങൾക്ക് വീണ്ടും സംവരണം തിരികെ നൽകുമെന്നും ലിംഗായത്തുകൾ, വൊക്കലികൾ, എസ്സി/എസ്ടി എന്നിവരിൽ നിന്ന് സംവരണം എടുത്തുകളയുമെന്നും കോൺഗ്രസ് പറയുന്നു. പക്ഷേ വിഷമിക്കേണ്ട. കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. കർണാടകയിൽ മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News