പാൽ വില വർധിപ്പിച്ച് അമുൽ; ലിറ്ററിന് മൂന്ന് രൂപ കൂട്ടി

മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും ഉത്പാദനച്ചെലവും വർധിച്ചതാണ് വിലവർധനവിന് കാരണമായതെന്ന് അമുൽ പ്രസ്താവനയിൽ പറഞ്ഞു.

Update: 2023-02-03 09:42 GMT

അമുൽ 

Advertising

അഹമ്മദാബാദ്: ഗുജറാത്ത് ക്ഷീര സഹകരണ സ്ഥാപനമായ അമുൽ പാൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചു. ഇതോടെ അമുൽ ഗോൾഡ് മിൽക്ക് വില ലിറ്ററിന് 66 രൂപയാകും. അമുൽ താസ ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാൽ ലിറ്ററിന് 56 രൂപയും അമുൽ എ2 എരുമ പാലിന് 70 രുപയുമാണ് പുതുക്കിയ വില.

മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും ഉത്പാദനച്ചെലവും വർധിച്ചതാണ് വിലവർധനവിന് കാരണമായതെന്ന് അമുൽ പറയുന്നു. കാലിത്തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20% വർധിച്ചെന്നും അമുൽ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും അമുൽ പാൽ വില വർധിപ്പിച്ചിരുന്നു. അന്ന് ഗോൾഡ്, താസ, ശക്തി പാൽ ബ്രാന്റുകളുടെ വില ലിറ്ററിന് രണ്ട് രൂപയായിരുന്നു കൂട്ടിയത്.

പാൽ വില വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ക്ഷീര കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു. പാൽ വില നിരന്തരം വർധിപ്പിക്കുന്നത് കുട്ടികളുടെ പോഷകാഹാര ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News