പുതിയ സ്കൂള്‍ കെട്ടിടത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് ആന്ധ്രാ സ്കൂള്‍; മേല്‍ജാതിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍
ഉയര്‍ന്ന ജാതിയില്‍ പെടുന്ന കുട്ടികള്‍ക്ക് പ്രത്യേകമായി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്
ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട കുട്ടികള്‍ക്ക് പ്രവേശന വിലക്ക്. ഉയര്‍ന്ന ജാതിയില്‍ പെടുന്ന കുട്ടികള്‍ക്ക് പ്രത്യേകമായി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഒപ്പം മേല്‍ജാതിയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ബ്രഹ്മപുരി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം.
മണ്ഡല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉയർന്ന ജാതിയിൽ പെട്ട വിദ്യാർഥികൾക്ക് മികച്ച സജ്ജീകരണങ്ങളോടെ പുതുതായി നിർമ്മിച്ച കെട്ടിടം നൽകിയെന്നും മറ്റ് വിദ്യാർഥികളെ പഴയ കെട്ടിടത്തിൽ ഇരിക്കാൻ നിർബന്ധിച്ചതായും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂളിൽ അടുത്ത കാലം വരെ 52 കുട്ടികളാണ് ഉണ്ടായിരുന്നത്. സർക്കാർ സ്‌കൂൾ നവീകരണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ നവീകരണത്തിന് ഒമ്പത് ലക്ഷത്തിലധികം രൂപ ലഭിക്കുകയും പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു. നിര്‍മാണം കഴിഞ്ഞപ്പോള്‍ സവര്‍ണ വിഭാഗത്തില്‍ പെട്ട കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. മൊത്തം 26 വിദ്യാർഥികൾ വിവേചനം നേരിടുന്നതായാണ് റിപ്പോർട്ട്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.