'മന്ത്രി എന്‍റെ വീട് മിനി ബാങ്കായി ഉപയോഗിച്ചു': അര്‍പ്പിതയുടെ മൊഴി

അര്‍പ്പിതയുടെ വീട്ടില്‍ ഇ.ഡി നടത്തിയ മിന്നല്‍ റെയ്ഡില്‍ 20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.

Update: 2022-07-27 10:56 GMT
Advertising

അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ഥ ചാറ്റര്‍ജിക്കെതിരെ അനുയായി അര്‍പ്പിത മുഖര്‍ജി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മന്ത്രി തന്‍റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബാങ്കായി ഉപയോഗിച്ചിരുന്നുവെന്ന് അര്‍പ്പിത മൊഴി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അര്‍പ്പിതയുടെ വീട്ടില്‍ ഇ.ഡി നടത്തിയ മിന്നല്‍ റെയ്ഡില്‍ 20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.

അന്വേഷണത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതി അര്‍പ്പിതയുടെ അഭിഭാഷകന്‍ ഇ.ഡിക്കെതിരെ കോടതിയില്‍ ഉന്നയിച്ചേക്കും. കേന്ദ്ര ഏജന്‍സികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പല കേസുകളിലും തെളിവുകളില്ലെന്ന വാദവും അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കും. സ്കൂള്‍ അധ്യാപക നിയമന അഴിമതി കേസിലാണ് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പ്പിത മുഖര്‍ജിയെയും അറസ്റ്റ് ചെയ്തത്.

പാർഥ ചാറ്റർജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് പണം സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചിരുന്നതെന്ന് അർപ്പിത മുഖർജി മൊഴി നല്‍കിയെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എല്ലാ ആഴ്‌ചയിലും അല്ലെങ്കിൽ 10 ദിവസം കൂടുമ്പോഴെങ്കിലും മന്ത്രി തന്റെ വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അര്‍പ്പിത മൊഴി നല്‍കി- "പാർഥ ചാറ്റര്‍ജി എന്റെയും മറ്റൊരു സ്ത്രീയുടെയും വീട് മിനി ബാങ്കായി ഉപയോഗിച്ചു. ആ സ്ത്രീയും പാര്‍ഥയുടെ സുഹൃത്താണ്"- അർപ്പിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആ മുറിയിൽ എത്ര പണമുണ്ടെന്ന് മന്ത്രി ഒരിക്കലും തന്നോട് വെളിപ്പെടുത്തിയിരുന്നില്ലെന്നും അര്‍പ്പിത മുഖര്‍ജി ചോദ്യംചെയ്യലിനിടെ പറഞ്ഞെന്നാണ് ഇ.ഡി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.

ബംഗാളി നടിയും മോഡലുമായിരുന്നു അര്‍പ്പിത മുഖര്‍ജി. ഒരു ബംഗാളി നടനാണ് തനിക്ക് പാർഥ ചാറ്റർജിയെ പരിചയപ്പെടുത്തിയതെന്നും 2016 മുതൽ അദ്ദേഹവുമായി അടുപ്പമുണ്ടെന്നും അര്‍പ്പിത പറഞ്ഞു. കോളജുകള്‍ക്ക് അംഗീകാരം നല്‍കാനും അധ്യാപകരുടെ സ്ഥലംമാറ്റങ്ങള്‍ക്കും മന്ത്രി കോഴ വാങ്ങിയിരുന്നുവെന്നാണ് പുറത്തുവന്ന മൊഴിയിലെ മറ്റൊരു ഭാഗം.

അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് നിർണായക വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തുവെന്ന് ഇ.ഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപക നിയമന അഴിമതിക്കേസിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരങ്ങൾ 40 പേജുകളിലുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാണ് പാര്‍ഥ ചാറ്റര്‍ജിക്കെതിരായ കേസ്. പാർഥ മുഖർജിയെ കോടതി ആഗസ്ത് 3 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News