'അയാൾ ബിജെപിയിൽ ചേരും'; 200 കോടി തട്ടിപ്പിലെ മുഖ്യപ്രതിയെ കുറിച്ച് കെജ്‌രിവാൾ

'ഞാൻ 50 കോടിയിലേറെ എഎപിക്ക് നൽകിയിട്ടുണ്ട്, രാജ്യസഭാ സീറ്റാണ് പകരം വാഗ്ദാനം ചെയ്യപ്പെട്ടത്' എന്ന് ജയിലിലുള്ള സുകേഷ് അവകാശപ്പെട്ടിരുന്നു

Update: 2022-11-05 15:04 GMT
Advertising

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്കെതിരെ ആരോപണമുന്നയിച്ച തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖറിനെതിരെ പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. 'എല്ലാ കുറ്റവളികളും കള്ളന്മാരും തട്ടിപ്പുകാരും ബിജെപിയിലാണെത്തുന്നത്, ഇയാൾ (സുകേഷ്) അടുത്താഴ്ചയോ മറ്റോ ബിജെപിയിൽ ചേരുമെന്നാണ് ഓൺലൈനിൽ വായിച്ചത്, നിങ്ങൾ പരിശോധിച്ചു നോക്കൂ' കെജ്‌രിവാൾ എൻഡിടിവി ഷോയിൽ പറഞ്ഞു.

കള്ളപ്പണക്കേസിൽ ജയിലിലുള്ള എഎപി നേതാവ് സത്യേന്ദ്ര ജെയിനിനെതിരെ ഈയടുത്ത് സുകേഷ് ചന്ദ്രശേഖർ വിമർശനമുന്നയിച്ചിരുന്നു. 'സത്യേന്ദ്ര ജെയിനിനെ എനിക്ക് 2015 മുതൽ അറിയാം. ഞാൻ 50 കോടിയിലേറെ എഎപിക്ക് നൽകിയിട്ടുണ്ട്' സുകേഷ് അവകാശപ്പെട്ടു. രാജ്യസഭാ സീറ്റാണ് പണത്തിന് പകരം വാഗ്ദാനം ചെയ്യപ്പെട്ടതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ ആരോപിച്ചു. ആരോപണത്തെ തുടർന്ന് എഎപിയുടെ തനിനിറം പുറത്തായെന്ന് ബിജെപി വിമർശിച്ചിരുന്നു.

തന്നെ കെജ്‌രിവാൾ മഹാകുറ്റവാളിയെന്ന് വിളിച്ചതിനെതിരെ നേരത്തെ സുകേഷ് രംഗത്ത് വന്നിരുന്നു. 'മിസ്റ്റർ കെജ്‌രിവാൾ, നിങ്ങളുടെ അഭിപ്രായത്തിൽ ഞാനാണ് രാജ്യത്തെ വലിയ ക്രിമിനൽ, എന്നാൽ എന്തിനാണ് എന്റെ കയ്യിൽ നിന്ന് 50 കോടി സ്വീകരിച്ച് എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ഇത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?' സുകേഷ് ചോദിച്ചു.

സത്യേന്ദ്ര ജെയിനിന് 10 കോടി നൽകിയെന്ന് അവകാശപ്പെട്ട് സുകേഷ് നേരത്തെ ഡൽഹി ലഫ്റ്റനൻറ് ഗവർണർ വികെ സക്‌സേനക്ക് കത്തെഴുതിയിരുന്നു. തുടർന്ന് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിയോട് അദ്ദേഹം നിർദേശിച്ചിരുന്നു.

ബോളിവുഡ് നടിമാർക്കടക്കം ബന്ധമുള്ള 200 കോടി തട്ടിപ്പുകേസിൽ പ്രതിയായി ഡൽഹി മണ്ഡോളി ജയിലിൽ കഴിയുകയാണ് സുകേഷ് ചന്ദ്രശേഖർ. 2017ൽ തിഹാർ ജയിലിൽ കഴിയവേ ജയിൽ വകുപ്പിന്റെ ചുമതലയുള്ള ജെയിൻ തന്നെ സന്ദർശിച്ചിരുന്നതായും സുകേഷ് ആരോപിച്ചിരുന്നു.

എന്നാൽ ആരോപണങ്ങൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്നും മോർബി പാലത്തകർച്ചയിൽ നിന്നും ജനശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നാണ് എഎപി കുറ്റപ്പെടുത്തുന്നത്. സുകേഷ് ചന്ദ്രശേഖർ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകനായി മാറിയെന്നും തട്ടിപ്പുകാരന്റെ സഹായത്തോടെയാണ് അവർ തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി ഓഫര്‍ വെച്ചു: കെജ്‍രിവാള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാൻ ബി.ജെ.പി ഓഫറുമായി സമീപിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നാൽ കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ പ്രതി ചേർക്കപ്പെട്ട ആം ആദ്മി മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരെ കേസുകളിൽ നിന്നും ഒഴിവാക്കാം എന്നായിരുന്നു ബി.ജെ.പി വാഗ്ദാനം എന്നാണ് കെജ്‌രിവാളിന്റെ ആരോപണം. എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖ പരിപാടിയിലാണ് കെജ്‌രിവാളിന്റെ ബി.ജെ.പിക്കെതിരായ ഗുരുതര ആരോപണം.

'ആം ആദ്മിയിൽ നിന്നും രാജി വെച്ചാൽ ഡൽഹി മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് മനീഷ് സിസോദിയക്ക് നേരത്തെ വാഗ്ദാനം നൽകിയിരുന്നു. അദ്ദേഹം ആ ഓഫർ നിരസിച്ചതോടെ അവർ പിന്നീട് എന്നെ സമീപിച്ചു. ഗുജറാത്തിലെ മത്സരത്തിൽ നിന്നും പിന്മാറിയാൽ സത്യേന്ദർ ജെയിനിനെയും സിസോദിയെയും എല്ലാ കേസുകളിൽ നിന്നും ഒഴിവാക്കി തരാമെന്ന് അവർ പറഞ്ഞു'; കെജ്‌രിവാൾ പറഞ്ഞു.

ആരുവഴിയാണ് വാഗ്ദാനം വന്നതെന്ന ചോദ്യത്തിനും കെജ്‌രിവാൾ മറുപടി നൽകി. ആം ആദ്മിയിലെ തൻറെ അടുത്ത അനുയായി വഴിയാണ് അവർ വരുന്നതെന്നും ബി.ജെ.പി ഒരിക്കലും തന്നെ നേരിട്ട് സമീപിക്കില്ലെന്നും കെജ്‌രിവാൾ പറയുന്നു.

ഗുജറാത്തിൽ പരാജയപ്പെടുമെന്ന് ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്നും ആം ആദ്മി ഗുജറാത്തിൽ എന്തായാലും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും പരസ്പര സഹകരണത്തിലാണ് കഴിയുന്നതെന്നും അതിലൂടെ ആം ആദ്മിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനും എതിരെ ചുമത്തിയ കേസുകൾ കെട്ടിച്ചമച്ചതാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെയാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഡിസംബർ എട്ടിന് മത്സര ഫലങ്ങൾ പ്രഖ്യാപിക്കും.

നടി ജാക്വലിൻ ഫെർണാണ്ടസടക്കം പ്രതി; സുകേഷിന്റേത് വമ്പൻ തട്ടിപ്പ്

സുകേഷ് പ്രതിയായ തട്ടിപ്പുകേസിൽ ഇ.ഡി ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയും ജാക്വലിൻ ഫെർണാണ്ടസുമായടക്കം സുകേഷ് ചന്ദ്രശേഖർ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് നൽകിയിരുന്നത്. ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. കൂടുതൽ സിനികളിൽ നടി ഒപ്പുവെക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോ സിനിമ നിർമിക്കുമെന്നും ഹോളിവുഡ് വിഎഫ്എക്സ് ആർട്ടിസ്റ്റുകളെ കൊണ്ടുവരുമെന്നും ആഗോള തലത്തിൽ പുറത്തിറങ്ങുന്ന ചിത്രമായിരിക്കുമെന്നും ഇയാൾ ജാക്വലിന് വാക്ക് നൽകി. ഹോളിവുഡ് നടി ആഞ്ജലീന ജൂലിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചു.

സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നും അവർ അറിയിച്ചു.

ശേഖർ രത്നവേല എന്ന പേരിലാണ് സുകേഷ് ജാക്വിലിനുമായി അടുക്കാൻ ശ്രമിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ മുട്ടത്തിൽ വഴിയാണ് ജാക്വിലിനുമായി അടുപ്പം സ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസ് നമ്പരിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങൾ നിർമിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നൽകിയതായും ഇ.ഡി കണ്ടെത്തി. കേസിൽ പലവട്ടം ജാക്വലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പലപ്പോഴും നടി ചോദ്യം ചെയ്യലിനെത്താത്തതും വാർത്തയായിരുന്നു.

ടി നോറ ഫത്തേഹിക്കും സുകേഷ് വിലമതിക്കുന്ന സമ്മാനങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്. അത്യാഢംബര കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 2020 ഡിസംബറിൽ സുകേഷ് നോറക്ക് ഒരു ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് നോറ ഫത്തേഫിയെയും ഇ.ഡി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.

സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പാണ് സുകേഷ് നടത്തിയത്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാൾ ഉണ്ടാക്കിയിരുന്നു. പാർട്ടി ഗ്രൂപ്പ് പോരിൽ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ 'കൈക്കൂലി' നൽകാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിൽ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.

arvind kejriwal against sukesh chandrasekhar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News