ഡല്‍ഹിയില്‍ പ്രതിച്ഛായ വീണ്ടെടുക്കാൻ ആംആദ്മി പാർട്ടിയുടെ ശ്രമം
ജനപക്ഷ പദ്ധതികളെ അട്ടിമറിക്കാൻ ഉള്ള ബി.ജെ.പിയുടെ നീക്കം സിബിഐ നടപടിയിലൂടെ തെളിഞ്ഞെന്നാണ് ആംആദ്മി പാർട്ടി ആരോപണം
ഡല്‍ഹി: മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ആംആദ്മി പാർട്ടിയുടെ ശ്രമം. ഗൃഹ സന്ദർശന പരിപാടികളിലൂടെ ജനങ്ങളോട് നിലപാട് വിശദീകരിക്കാൻ നേതാക്കൾക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിർദ്ദേശം നൽകി. ജനപക്ഷ പദ്ധതികളെ അട്ടിമറിക്കാൻ ഉള്ള ബി.ജെ.പിയുടെ നീക്കം സിബിഐ നടപടിയിലൂടെ തെളിഞ്ഞെന്നാണ് ആംആദ്മി പാർട്ടി ആരോപണം.
രണ്ട് മന്ത്രിമാർ ജയിലിൽ ആയത് ആംആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും വലിയ തിരിച്ചടിയായിട്ടുണ്ട്. . വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാൻ ആണ് പാർട്ടി ഒരുങ്ങുന്നത്. ഇന്നലെ ചേർന്ന എംഎൽഎമാരുടെയും മറ്റ് ജന പ്രതിനിധികളുടെയും യോഗത്തിൽ ഇതിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ ആണ് അരവിന്ദ് കെജ്‌രിവാൾ വിശദീകരിച്ചത്. വോട്ടർമാരെ നേരിൽ കണ്ട് ആംആദ്മി പാർട്ടി നിലപാട് ബോധ്യപ്പെടുത്താൻ ആണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കളോട് ഗൃഹ സന്ദർശന പരിപാടികൾ ആവിഷ്കരിക്കാനും പാർട്ടി ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിൽ പാർട്ടി വൈസ് പ്രസിഡന്‍റ് ബി.ജെ.പിയിൽ ചേർന്നതും പാർട്ടിക്ക് തിരിച്ചടിയാണ്. ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജയിനും തുടങ്ങി വെച്ച വികസന പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്നും ഇരുവരെയും മാതൃകയായി സ്വീകരിക്കുമെന്നും ഡൽഹി മന്ത്രി സഭയിലെ നിയുക്ത അംഗം സൗരഭ് ഭരദ്വാജ് ഇന്നലെ പറഞ്ഞിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി പകരം വീട്ടുകയാണ് എന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.