പദവിക്കു വേണ്ടി വന്നവരല്ല,ഇന്ത്യയെ രക്ഷിക്കാനെത്തിയവര്‍; ഇന്‍ഡ്യ മുന്നണിയെക്കുറിച്ച് കെജ്‍രിവാള്‍

ഇത് 28 പാർട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണ്

Update: 2023-09-02 05:20 GMT
Editor : Jaisy Thomas | By : Web Desk

അരവിന്ദ് കെജ്‍രിവാള്‍

Advertising

മുംബൈ: ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‍രിവാള്‍. ആരും പദവിക്കുവേണ്ടി വന്നവരല്ലെന്നും ഇന്ത്യയെ രക്ഷിക്കാനെത്തിയവരാണെന്നും യോഗത്തിനു ശേഷം കെജ്‍രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

"ഇത് 28 പാർട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണ്. സഖ്യത്തിന്‍റെ മൂന്ന് യോഗങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്.എല്ലാ മീറ്റിംഗുകളും വളരെ സൗഹാർദപരമായ അന്തരീക്ഷത്തിലാണ് നടന്നത്. സംഘർഷമൊന്നുമില്ല'' കെജ്‌രിവാൾ പറഞ്ഞു. ഇന്‍ഡ്യ സഖ്യം തകർക്കാൻ ചില വലിയ ശക്തികൾ ശ്രമിക്കും. ഇന്ന് ഇവിടെ ആരും വന്നത് ഒരു പദവിയും നേടാനല്ല, മറിച്ച് ഇന്ത്യയെ വികസനത്തിന്‍റെ പാതയിലേക്ക് കൊണ്ടുപോകാനാണ്. ഈ സര്‍ക്കാരിന്‍റെ അന്ത്യത്തിന് ഇന്‍ഡ്യ സംഖ്യം കാരണമാകുമെന്ന് എനിക്കുറപ്പുണ്ട്'' കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ച കെജ്‌രിവാൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞതും ധിക്കാരപരവുമായ സർക്കാരാണിതെന്ന് പറഞ്ഞു.

ബി.ജെ.പിയെ വീഴ്ത്താൻ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.മുന്നോട്ടുള്ള മുന്നണി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ 14 അംഗ ഏകോപന സമിതിക്കും മുംബൈയിൽ ചേർന്ന യോഗം രൂപം നൽകി. സോണിയ ഗാന്ധിയും രാഹുലും സമിതിയിൽ അംഗങ്ങളല്ല.മൂന്നാം യോഗത്തിൽ മുഖ്യ ചർച്ചാ വിഷയമായ സീറ്റ് വിഭജനം സംസ്ഥാന തലത്തിൽ നടത്താനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു.സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഈ മാസം മൂന്നാം വാരത്തോടെ പ്രചരണ പരിപാടികളിലേക്ക് കടക്കാൻ ആണ് ഇൻഡ്യ മുന്നണി തീരുമാനം. മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വർക്കിംഗ് ഗ്രൂപ്പുകൾക്കും ഇൻഡ്യ മുന്നണി യോഗം രൂപം നൽകിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News