അസമിലെ 'വിദേശികള്‍ക്ക്' ഇനി തടങ്കല്‍ പാളയങ്ങളില്ല
ശിക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ വിദേശികള്‍ക്കായി പല ജില്ലാ ജയിലുകളിലായി ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
അസമിൽ 'വിദേശികൾ' താമസിക്കുന്ന തടങ്കൽ കേന്ദ്രങ്ങള്‍ ഇനി 'ട്രാൻസിറ്റ് ക്യാമ്പുകൾ' എന്ന് അറിയപ്പെടുമെന്ന് അസം സർക്കാർ. ആഗസ്റ്റ് 17ന് ആസാമിലെ ആഭ്യന്തര, രാഷ്ട്രീയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിരജ് വർമ ഒപ്പിട്ട ഒരു വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിദേശികള്‍ക്കുള്ള തടവുകേന്ദ്രങ്ങള്‍ മനുഷ്യ സൗഹാർദമാക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തങ്ങളെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
''ഇവര്‍ ക്രിമിനലുകളല്ല. തടങ്കല്‍ കേന്ദ്രങ്ങള്‍ എന്ന പേര് പല തെറ്റായ അര്‍ത്ഥങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഈ പേരുമാറ്റത്തോടെ കേന്ദ്രങ്ങള്‍ കുറച്ചുകൂടി മാനുഷികമാകും.'' സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാലങ്ങളായി ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് അഭയാര്‍ഥികള്‍ കുടിയേറ്റം നടത്തുന്നു. അതുകൊണ്ടുതന്നെ, ശിക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ വിദേശികള്‍ക്കായി പല ജില്ലാ ജയിലുകളിലായി ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അനധികൃതമായി കുടിയേറ്റം നടത്തിയ വിദേശികളെ താമസിപ്പിക്കാനായി ഗുവാഹട്ടിയില്‍ നിന്നും 150 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന മാട്ടിയയില്‍ പുതിയ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കുന്നുണ്ട്. ഇത് രണ്ട് മാസത്തില്‍ പൂര്‍ത്തിയാകും. അതില്‍ 10 ബ്ലോക്കുകളുണ്ടെന്നും ഒരു ബ്ലോക്കില്‍ ഏകദേശം 200 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.