വോട്ടുവ്യത്യാസം ഒരു ശതമാനത്തില്‍ താഴെ; അസമില്‍ വന്‍തിരിച്ചുവരവ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അസമിൽ ശക്തമായ പോരാട്ടമായിരുന്നു നടന്നത്
ദിസ്പൂര്‍: വടക്കുകിഴക്കൻ സംസ്ഥാനമായ അസം കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്ന ദൂരം മാത്രം. കഴിഞ്ഞ തവണ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒരു ശതമാനത്തിനു താഴെ മാത്രമേ വോട്ടു വ്യത്യാസമുണ്ടായിരുന്നുള്ളു. അതിനാൽ ഇത്തവണ വലിയ തിരിച്ചുവരവ് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട് അസമിൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അസമിൽ ശക്തമായ പോരാട്ടമായിരുന്നു നടന്നത്. ബി.ജെ.പി 36.4 ശതമാനം വോട്ടോടെ ഒമ്പത് സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ. 35.8 ശതമാനം വോട്ട് ലഭിച്ച കോൺഗ്രസിന് മൂന്ന് സീറ്റും ലഭിച്ചു. ഒരു സീറ്റ് എ.ഐ.യു.ഡി.എഫും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. പല മണ്ഡലങ്ങളിലും കുറഞ്ഞ വോട്ടുകൾക്കാണ് കോൺഗ്രസ് തോറ്റത്. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്ന അസം തിരിച്ചു പിടിക്കാനായാൽ അത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഗുവാഹത്തി യൂണിവേഴ്സിറ്റി പ്രൊഫ് ധ്രുബ പ്രതിം ശർമ്മ മീഡിയവണിനോട് പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് അസമിലും മറ്റ് വടക്ക് കിഴക്കൻ സം സ്ഥാനങ്ങളിലും ബി.ജെ.പി സ്ഥാനമുറപ്പിച്ച ത്. കൂടാതെ വർഗീയ പരാമർശങ്ങളും നൂനപക്ഷ വിരുദ്ധ നടപടികളും ബി.ജെ.പിയുടെ വളർച്ചക്ക് കാരണമായി.