ഉത്തർപ്രദേശിനെ ഇരുട്ടിലാക്കി വൈദ്യുതി ജീവനക്കാരുടെ സമരം; ഇന്ന് അനിശ്ചിതകാല പണിമുടക്കിലേക്ക്

പിരിച്ചുവിടൽ ഭീഷണിയും കോടതി ഉത്തരവും മറികടന്നാണ് അരലക്ഷത്തിലേറെ ജീവനക്കാർ സമരം നടത്തുന്നത്

Update: 2023-03-19 01:35 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിനെ ഇരുട്ടിലാക്കി വൈദ്യുതി ജീവനക്കാരുടെ സമരം തുടരുന്നു. പിരിച്ചുവിടൽ ഭീഷണിയും കോടതി ഉത്തരവും മറികടന്നാണ് അരലക്ഷത്തിലേറെ ജീവനക്കാർ സമരം നടത്തുന്നത്. 72 മണിക്കൂർ സൂചന പണിമുടിക്കിന് ശേഷം ഇന്ന് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ് ജീവനക്കാർ.

വിവിധ സംഘടനകളിലെ തൊഴിലാളികൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമര സമിതിയാണ് പണിമുടക്ക് മുന്നോട്ട് കൊണ്ട് പോകുന്നത്. ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് സ്വകാര്യവൽകരിക്കാനുള്ള നീക്കം ഒഴിവാക്കുക. യു.പി.സി.എൽ ചെയർമാനെ മാറ്റുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന് നേതൃത്വം നൽകുന്ന ശൈലേന്ദ്ര ദുബെ ഉൾപ്പടെയുള്ള സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് സമരം നടത്തുന്നവർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും തൊഴിലാളികൾ അവഗണിച്ചു. സൂചന പണിമുടക്കിൽ പങ്കെടുത്ത ആയിരത്തിലേറെ തൊഴിലാളികളെ യു.പി സർക്കാർ ഇതിനോടകം ജോലിയിൽ നിന്ന് നീക്കിയിട്ടുണ്ട്. സമരം തുടർന്നാൽ സമരക്കാരെ പിരിച്ച് വിട്ട് ഐ.ഐ.ടികളിൽ നിന്നുൾപ്പടെയുള്ള വിദ്യാർഥികളെ നിയമിക്കും എന്നാണ് ഉത്തർപ്രദേശ് ഊർജ വകുപ്പ് മന്ത്രിയുടെ താക്കീത്.

അൻപാര, ഒബ്ര താപ വൈദ്യുത നിലയങ്ങളിലെ വൈദ്യുതി ഉത്പാദനം പൂർണമായി നിലച്ചു. ഇന്ന് മുതൽ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള ഉത്തർപ്രദേശിലെ വ്യവസായങ്ങളെയും ഗാർഹിക ഉപഭോക്താക്കളേയും സമരം ഒരുപോലെ ബാധിക്കുമെന്ന് ഉറപ്പായി. നാളെ അലഹബാദ് ഹൈക്കോടതിയും വൈദ്യുതി ജീവനക്കാരുടെ സമരം സംബന്ധിച്ച ഹരജി പരിഗണിക്കുന്നുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News