'തലച്ചോർ ചിന്നിച്ചിതറി, വാരിയെല്ലുകൾ ഒടിഞ്ഞു'; കാറിടിച്ച് കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

അഞ്ജലിയുടെ സുഹൃത്ത് നിധിയെ പൊലീസ് വീണ്ടും ചോദ്യംചെയ്യും

Update: 2023-01-04 06:03 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയുടെ തലച്ചോർ ചിന്നിച്ചിതറിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 40 ഗുരുതര പരിക്കുകളുണ്ടായിരുന്നതായും വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

മൗലാന ആസാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി.കേസിന്റെ വിശാദാംശങ്ങൾ പൊലീസ് മേധവി സഞ്ജയ് അറോറ ആഭ്യന്തരമന്ത്രാലയയിൽ നേരിട്ടെത്തി വിശദീകരിച്ചു. കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

പുതുവത്സരത്തലേന്നായിരുന്നു കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയായ അഞ്ജലിയെ 13 കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയത്.  കേസന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ സുഹൃത്ത് നിധിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വാഹനം ഇടിച്ച ശേഷം പ്രതികൾ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കാറിന് അടിയിൽ കുടുങ്ങിയിട്ടുണ്ട് വാഹനം നിർത്താതെ പോയെന്ന് സുഹൃത്ത് നിധി പൊലീസിന് മൊഴി നല്‍കിയിരുന്നു. സ്‌കൂട്ടർ ഓടിച്ചപ്പോൾ കൊല്ലപ്പെട്ട അഞ്ജലി മദ്യപിച്ചതായും നിധി പൊലീസിന് മൊഴി നൽകി.

അപകടം കണ്ട് ഭയന്നാണ് പെട്ടെന്ന് വീട്ടിലേക്ക് പോയത്. കേസിൽ പ്രതിയാകുമെന്ന് പേടിച്ചാണ് ആദ്യം പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും നിധി പറഞ്ഞു. 'കാർ ഞങ്ങളെ ഇടിച്ചതിന് ശേഷം ഞാൻ ഒരു വശത്തേക്ക് വീണു. അഞ്ജലിയുടെ കാൽ കാറിനടിയിൽ കുടുങ്ങി. അടിയിൽ അഞ്ജലി കുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവർക്ക് അറിയാമായിരുന്നു. അവൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. എന്നാൽ അവർ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയെന്നും നിധി പറഞ്ഞു. 

പുതുവത്സര ആഘോഷങ്ങൾക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും സുഹൃത്ത് നിധിയും അവിടവെച്ച് വഴക്കിട്ടെന്നും ശേഷം ഒരുമിച്ചാണ് സ്‌കൂട്ടറിൽ അപകടം നടന്നയിടത്തേക്ക് പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, പെൺകുട്ടി പീഡനതിന് ഇരയായിട്ടില്ലെനാണ് പോസ്റ്റോമോർട്ടം റിപ്പോർട്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News