കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് യെദ്യൂരപ്പ
നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബി എസ് യെദ്യൂരപ്പ. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.
കർണാടക മന്ത്രിസഭയിൽ പുന:സംഘടനയുണ്ടാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ബി എസ് യെദ്യൂരപ്പ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റണമെന്ന് എംഎൽഎമാർ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ നിലവിൽ രാജിവെക്കേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ വികസനം ചർച്ചയായില്ലെന്നും ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ യെദ്യൂരപ്പ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന പദ്ധതികളും തമിഴ്നാട് എതിർപ്പുമായി നിൽക്കുന്ന മേക്കദാട്ടു അണക്കെട്ട് പദ്ധതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതാണ് റിപ്പോര്‍ട്ട്.