എം.പി സ്ഥാനം രാജിവെക്കില്ല; മലക്കം മറിഞ്ഞ് ബാബുല്‍ സുപ്രിയോ
ജൂലൈ ഏഴിന് നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് സുപ്രിയോ പ്രഖ്യാപിച്ചത്.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഗായകന്‍ ബാബുല്‍ സുപ്രിയോ തീരുമാനം തിരുത്തി. എം.പി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സുപ്രിയോ എം.പിയായി തുടരുമെന്ന് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് ബാബുല്‍ സുപ്രിയോ.
ഭരണഘടനാപരമായി അസന്‍സോളില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. ഭരണഘടനാ പദവിക്ക് അപ്പുറം രാഷ്ട്രീയമുണ്ട്, രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഞാന്‍ പിന്‍മാറുന്നു. മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. ഡല്‍ഹിയിലെ എം.പി ബംഗ്ലാവ് ഒഴിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്‍ നിന്ന് ഉടന്‍ ഒഴിവാക്കുകയും ചെയ്യും-ബാബുല്‍ സുപ്രിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ജൂലൈ ഏഴിന് നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് സുപ്രിയോ പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനൂപ് ബിശ്വാസിനോട് പരാജയപ്പെട്ടിരുന്നു. ഒന്നാം മോദി സര്‍ക്കാരിലും സുപ്രിയോ മന്ത്രിയായിരുന്നു.