ബംഗ്ലാദേശ് പ്രതിസന്ധി തിരുപ്പൂരിന് നേട്ടമാകുമോ ? വിലയിരുത്തലുകൾ ഇങ്ങനെ
തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് രണ്ടാംസ്ഥാനമുള്ള ബംഗ്ലാദേശിലെ പ്രതിസന്ധി ടെക്സ്റ്റൈൽ വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ
മുംബൈ: സംവരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഇന്ത്യയിലെ ടെക്സ്റ്റൈൽമേഖല നേട്ടം കൊയ്യുമോ എന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക വിദഗ്ദർ. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് രണ്ടാംസ്ഥാനമാണ് ബംഗ്ലാദേശിന്. നിലവിലെ പ്രതിസന്ധി അവിടുത്തെ ടെക്സ്റ്റൈൽ വിപണിയെ കാര്യമായി ബാധിക്കുമെന്നും അത് ഇന്ത്യക്ക് നേട്ടമാകുമെന്നാണ് സാമ്പത്തികമേഖലയിലും ടെക്സ്റ്റൈൽ രംഗത്തുമുള്ളവരും കണക്കുകൂട്ടുന്നത്.
ബംഗ്ലാദേശിലെ പ്രതിസന്ധി തുണിത്തരങ്ങളുടെ കയറ്റുമതിയെ ബാധിക്കും. ഇതോടെ അന്താരാഷ്ട്ര വിപണികളുടെ ശ്രദ്ധ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കാകും. ബംഗ്ലാദേശിൽ നിന്നുള്ള കയറ്റുമതിയുടെ 10 മുതൽ 11 ശതമാനം വരെ തിരുപ്പൂർ പോലുള്ള ഇന്ത്യൻ ടെക്സ്റ്റൈൽ ഹബ്ബുകളിലേക്കെത്തിക്കാനായാൽ പ്രതിമാസം 300-400 മില്യൺ ഡോളറിന്റെ അധിക ബിസിനസ് നടക്കുമെന്നാണ് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.അതായത് 2000 മുതൽ 3000 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ പശ്ചാത്തലത്തിൽ തിരുപ്പൂരിലേക്ക് ഓർഡറുകൾ വരാൻ തുടങ്ങുമെന്ന് പ്രതീക്ഷയിലാണ് അവിടുത്തെ വ്യാപാരികൾ. ഈ സാമ്പത്തിക വർഷം 10 ശതമാനമെങ്കിലും അധികം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുപ്പൂർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.സുബ്രഹ്മണ്യൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലാദേശിന്റെ പ്രതിമാസ വസ്ത്രകയറ്റുമതി 3.5 മുതൽ 3.8 ബില്യൺ ഡോളറാണ്. പ്രതിമാസം 1.3-1.5 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്ന് നടക്കുന്നത്. ‘ബംഗ്ലാദേശിലെ അവസ്ഥ നിർഭാഗ്യകരമാണ്, നിലവിലെ പ്രതിസന്ധി ദ്വീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ അവരെ ആശ്രയിക്കുന്ന ലോകരാജ്യങ്ങളെ ബാധിക്കും. അവർ ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങുമെന്നാണ് ഇന്ത്യൻ ടെക്‌സ്‌പ്രണേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി പ്രഭു ദാമോദരൻ പറയുന്നത്. നിലവിലെ അവസ്ഥയിൽ 300 മുതൽ 400 മില്യൺ ഡോളർ അധിക ഓർഡറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഇന്ത്യൻ വിപണിക്കുണ്ട്. 2023-ൽ 47 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ബംഗ്ലാദേശിൽ നടന്നത്. 2024-ൽ 50 ബില്യൺ ഡോളർ കടക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് രാജ്യം പ്രതിസന്ധിയിലായിരിക്കുന്നത്.
ഇതിനൊപ്പം ഇന്ത്യക്കാരുടെ ഉടമസ്ഥതയിൽ ബംഗ്ലാദേശിലുള്ള നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിലെ ഏകദേശം 25 ശതമാനം യൂണിറ്റുകളും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ട്രേഡ് പോളിസി അനലിസ്റ്റ് എസ്. ചന്ദ്രശേഖരൻ പറയുന്നത്. ഷാഹി എക്‌സ്‌പോർട്ട്‌സ്, ഹൗസ് ഓഫ് പേൾ ഫാഷൻസ്, ജയ് ജെയ് മിൽസ്, ടിസിഎൻഎസ്, ഗോകൽദാസ് ഇമേജസ്, അമ്പത്തൂർ ക്ലോത്തിംഗ് തുടങ്ങിയ കമ്പനികൾക്കെല്ലാം ബംഗ്ലാദേശിൽ ആസ്ഥാനമുണ്ട്.