'സ്ത്രീകളെ ഇഷ്ടമല്ല'; 9 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

കഴിഞ്ഞ വർഷം മുതല്‍ ഷാഹി-ഷീഷ്ഗഢ് മേഖലയിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു

Update: 2024-08-10 02:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബറേലി: കഴിഞ്ഞ 14 മാസത്തിനിടെ യുപിയിലെ ബറേലി ജില്ലയില്‍ മധ്യവയസ്‌കരായ സ്‌ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒന്‍പത് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് പ്രതി കുൽദീപ് കുമാർ(35) സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം മുതല്‍ ഷാഹി-ഷീഷ്ഗഢ് മേഖലയിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ഇവരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കുല്‍ദീപ് തന്നെയാണ് ഈ കൊലപാതകവും നടത്തിയതെന്ന് പൊലീസ് പറയുന്നു. കുല്‍ദീപിന് മാനസികാസ്വാസ്ഥ്യമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുല്‍ദീപിന്‍റെ കുട്ടിക്കാലത്ത് സ്വന്തം അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിതാവ് വേറെ വിവാഹം കഴിച്ചു. കൂടാതെ പിതാവ് കുല്‍ദീപിന്‍റെ അമ്മയോട് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ കുല്‍ദീപിന്‍റെ ബാല്യകാലം ദുഷ്കരമായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങള്‍ കുല്‍ദീപിന്‍റെ മാനസികനിലയെ ബാധിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കുല്‍ദീപിന്‍റെ വിവാഹശേഷം സ്വന്തം ഭാര്യയോടും പ്രതി ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്.

സ്ത്രീകളോട് തനിക്ക് വെറുപ്പാണെന്നും ഒറ്റയ്ക്ക് കണ്ടാല്‍ കൊലപ്പെടുത്തുമെന്നും ചോദ്യം ചെയ്യലില്‍ കുല്‍ദീപ് പറഞ്ഞു. ഇയാള്‍ ലക്ഷ്യം വച്ച സ്ത്രീയെ പിന്തുടരുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അവരെ വെറുതെ വിടുമായിരുന്നു. പിന്നീട് പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്നതാണ് കുല്‍ദീപിന്‍റെ രീതി. ഇങ്ങനെ കൊലപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് കുല്‍ദീപുമായി ഒരു ബന്ധവുമുണ്ടായിരിക്കില്ല.

22 പേരടങ്ങുന്ന ടീമിന്‍റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ തലാഷി'ലൂടെയാണ് കുല്‍ദീപിനെ പിടികൂടിയത്. രേഖാചിത്രങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. അന്വേഷണത്തിനിടെ, 1,500 സിസിടിവി റെക്കോർഡിംഗുകൾ പരിശോധിക്കുകയും 600 പുതിയ ക്യാമറകൾ സ്ഥാപിക്കുകയും മൊബൈൽ ഡാറ്റ വിശകലനം ചെയ്യുകയും ചെയ്തു.

2023-ലും 2024-ലും ഒറ്റപ്പെട്ട/വിജനമായ സ്ഥലങ്ങളിൽ, പ്രധാനമായും ഷാഹി, ഷീഷ്ഗഡ് പ്രദേശങ്ങളിലെ വനത്തിൽ മധ്യവയസ്‌കരായ ആറ് സ്ത്രീകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവങ്ങൾ പുറത്തുവന്നിരുന്നു.ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഷാഹി, ഷീഷ്ഗഡ് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് ആര്യ പറഞ്ഞു. വ്യാഴാഴ്ചയാണ് മത്തിയയുടെ തീരത്ത് നിന്ന് കുല്‍ദീപിനെ അറസ്റ്റ് ചെയ്തത്. ഹൗജ്പൂർ ഗ്രാമത്തിൽ നിന്നുള്ള അനിതാ ദേവിയാണ് കുല്‍ദീപ് അവസാനം കൊലപ്പെടുത്തിയത്. ജൂലൈ 2നാണ് മൃതദേഹം കണ്ടെത്തിയത്. ഖജൂരിയ ഗ്രാമത്തിൽ നിന്നുള്ള കുസ്മ ആയിരുന്നു ആദ്യത്തെ ഇര. കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് കുസ്മയുടെ മൃതദേഹം കണ്ടെത്തിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News