ബസവരാജ ബൊമൈ കര്‍ണാടക മുഖ്യമന്ത്രിയായേക്കും; അന്തിമ തീരുമാനം ഇന്ന് രാത്രിയോടെ
കര്‍ണാടകയിലെ എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാനേയും കിഷന്‍ റെഡ്ഢിയേയും ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബി.എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയായി ബസവരാജ ബൊമൈ കര്‍ണാടക മുഖ്യമന്ത്രിയാവുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ചേരുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തില്‍ ഉണ്ടായേക്കും. കര്‍ണാടകയിലെ എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാനേയും കിഷന്‍ റെഡ്ഢിയേയും ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ലിംഗായത്ത് സമുദായത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്ന യെദിയൂരപ്പയെ മാറ്റിയത് അവരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. 17 ശതമാനം വോട്ട് വിഹിതമുള്ള ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് ബസവരാജ ബൊമൈക്ക് നറുക്ക് വീഴുന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നത്. പുതിയ മുഖ്യമന്ത്രി പൊതുസമ്മതനാവണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അധികാര കൈമാറ്റത്തിനൊപ്പം തലമുറമാറ്റത്തിനും കര്‍ണാടകയില്‍ ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്കടക്കം സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്.