ആരോഗ്യപ്രശ്‌നം കാണിച്ച് ജാമ്യത്തിൽ; ക്രിക്കറ്റ് കളിച്ചുരസിച്ച് പ്രഗ്യാ സിങ് താക്കൂർ

ജയിലിൽ കഴിയുകയായിരുന്ന പ്രഗ്യയ്ക്ക് 2017ലാണ് ആരോഗ്യനില മോശമാണെന്ന പരിഗണനയില്‍ എൻഐഎ കോടതി ജാമ്യമനുവദിച്ചത്

Update: 2021-12-26 15:42 GMT
Editor : Shaheer | By : Web Desk
Advertising

മലേഗാവ് സ്‌ഫോടനക്കേസിൽ ആരോഗ്യനില മോശമാണെന്ന് കാണിച്ച് ജാമ്യം നേടി പുറത്തിറങ്ങിയ ബിജെപി എംപി പ്രഗ്യാ സിങ് താക്കൂർ വീണ്ടും വിവാദത്തിൽ. ജാമ്യത്തിലിരിക്കെ ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നതിന്റെയും ഗർബ നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ വിവാദമായതിനു പിന്നാലെ പുതിയ വിഡിയോ പുറത്തെത്തിയിരിക്കുകയാണ്. ഒരുകൂട്ടം ആളുകൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഭോപാലിലെ ശക്തി നഗറിലാണ് പ്രഗ്യാ സിങ് താക്കൂർ ക്രിക്കറ്റ് കളിക്കുന്നത്. അനായാസം പന്തുകൾ അടിച്ചുപറത്തുന്ന പ്രഗ്യയെ ചുറ്റുമുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ തമാശപറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട് പ്രഗ്യ.

മലേഗാവ് കേസിൽ നിരവധി തവണ പ്രഗ്യ കോടതിയിൽ ഹാജരായിരുന്നില്ല. അനാരോഗ്യമായിരുന്നു ഇതിനു കാരണമായി അവർ പറഞ്ഞിരുന്നത്. എന്നാൽ, ഇതുമൂന്നാം തവണയാണ് കളിയും നൃത്തവുമായി പ്രഗ്യാ സിങ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ നവരാത്രിദിനത്തിലാണ് പ്രഗ്യാ സിങ് ഗർബാനൃത്തം ചെയ്യുന്നതിന്റെ വിഡിയോ പുറത്തെത്തിയത്. ഇതു വിവാദമായതിനു പിന്നാലെ ബാസ്‌കറ്റ്‌ബോൾ കളിക്കുന്നതിന്റെ വിഡിയോയും പുറത്തെത്തി. ഒക്ടോബറിൽ തന്നെ സ്വന്തം മണ്ഡലമായ ഭോപ്പാലിൽ വനിതാ താരങ്ങൾക്കൊപ്പം കബഡി കളിക്കുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിജെപിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇതിനു പിന്നാലെയാണ് പുതിയ സംഭവം. വിഡിയോയെക്കുറിച്ച് ബിജെപി നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.

2008ൽ 10 പേരുടെ മരണത്തിനും നിരവധി പേരുടെ പരിക്കിനുമിടയാക്കിയ മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റാരോപിതരിൽ ഒരാളാണ് പ്രഗ്യാ സിങ് താക്കൂർ. കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രഗ്യയ്ക്ക് 2017ലാണ് ആരോഗ്യനില മോശമാണെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കോടതി ജാമ്യമനുവദിച്ചത്. ഇതിനുശേഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാൽ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ 3.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രഗ്യ പരാജയപ്പെടുത്തി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News