നന്ദിഗ്രാം വെടിവയ്പ്പിന് 13 വർഷം; വന്‍കിട നിക്ഷേപത്തിന് ടാറ്റയെ വീണ്ടും സ്വാഗതം ചെയ്ത് ബംഗാൾ
സിംഗൂരിലെ ഭൂമി കർഷകർക്കുതന്നെ തിരിച്ചുനൽകിയതാണെന്നും അവിടെയായിരിക്കില്ല ടാറ്റയ്ക്ക് വ്യവസായ പദ്ധതികള്‍ക്ക് ഭൂമി നല്‍കുകയെന്നും ബംഗാൾ വ്യവസായ, ഐടി മന്ത്രി പാർത്ഥ ചാറ്റർജി വ്യക്തമാക്കി
സിംഗൂർ ഭൂമിയേറ്റെടുക്കൽ വിവാദങ്ങൾക്കും നന്ദിഗ്രാം പൊലീസ് വെടിവയ്പ്പിനും 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. സംസ്ഥാനത്ത് വൻകിട നിക്ഷേപ പദ്ധതികൾക്കായി ടാറ്റ ഗ്രൂപ്പുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ബംഗാൾ വ്യവസായ, ഐടി മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു.
ടാറ്റയുമായി ഞങ്ങൾക്ക് ഒരു ശത്രുതയുമില്ല. അവരോട് ഞങ്ങൾ ഏറ്റുമുട്ടിയിട്ടുമില്ല. രാജ്യത്തും വിദേശത്തും ഏറെ ആദരിക്കപ്പെടുന്ന വൻകിട വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് ടാറ്റ. സിംഗൂർ സംഭവത്തിന് ടാറ്റയെ കുറ്റംപറയാനാകില്ല. അന്നത്തെ ഇടതു മുന്നണി സർക്കാരും അവരുടെ ബലംപ്രയോഗിച്ചുള്ള ഭൂമിയേറ്റെടുക്കൽ നയവുമായിരുന്നു പ്രശ്‌നം. നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് ബംഗാളിലേക്ക് എപ്പോഴും സ്വാഗതമാണ്- തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പാർത്ഥ ചാറ്റർജി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ടാറ്റ മെറ്റാലിക്‌സ് ബംഗാളിലുണ്ട്. നിർമാണരംഗത്തോ മറ്റു മേഖലകളിലോ വൻതോതിലുള്ള നിക്ഷേപം നടത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു പ്രശ്‌നവുമില്ല. ബംഗാളിൽ ടാറ്റ വ്യവസായകേന്ദ്രം ആരംഭിക്കാനുള്ള ആഗ്രഹം ഐടി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഗ്രൂപ്പുമായി ചർച്ച നടക്കുന്നുണ്ടെന്നും ചാറ്റർജി അറിയിച്ചു. അതേസമയം, സിംഗൂരിലായിരിക്കില്ല പുതിയ പദ്ധതികൾ വരികയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സിംഗൂരിലെ ഭൂമി കർഷകർക്കു തന്നെ തിരിച്ചുനൽകിയതാണെന്നും അവിടെ കാർഷികാടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾ വരുമെന്നും പാർത്ഥ ചാറ്റർജി സൂചിപ്പിച്ചു.
ബഹുവിള കൃഷിക്കു പേരുകേട്ട സിംഗൂർ 2006ലാണ് മാധ്യമചർച്ചകളിൽ ഇടംപിടിക്കുന്നത്. സിംഗൂരിൽ ദേശീയപാതയോരത്ത് ആയിരം ഏക്കറോളം വരുന്ന ഭൂമിയിൽ നാനോ കാർ നിർമിക്കാനായി ടാറ്റ ഫാക്ടറിക്ക് സിപിഎം ഭരണകൂടം കൃഷിഭൂമി ഏറ്റെടുത്തുനൽകുകയായിരുന്നു. അന്ന് മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനിടെ 14 കർഷകർ കൊല്ലപ്പെട്ടു. ഇതിനു പിറകെ ടാറ്റ പദ്ധതി ഉപേക്ഷിച്ച് പിന്മാറുകയും ചെയ്തു. സുപ്രീംകോടതി വിധിയെ തുടർന്ന് കൃഷിഭൂമി പിന്നീട് കർഷകർക്ക് വിട്ടുനൽകുകയും ചെയ്തിരുന്നു. സിംഗൂർ പ്രക്ഷോഭത്തിന്റെ കൂടി പിന്‍ബലത്തിലാണ് 2011ൽ മമത ബാനർജി പതിറ്റാണ്ടുകൾ നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാളില്‍ അധികാരം പിടിക്കുന്നത്.