ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിനു പകരം കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ആമസോണില്‍ നിന്നും എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓര്‍ഡര്‍ ചെയ്തത്

Update: 2024-06-19 03:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം സോപ്പും കല്ലും ചീപ്പുമൊക്കെ കിട്ടുന്നത് ഒരു പുതിയ കാര്യമല്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ജീവനുള്ള പാമ്പിനെ തന്നെ കിട്ടിയാലോ? ബെംഗളൂരുവിലെ എഞ്ചിനിയര്‍ ദമ്പതികള്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത വസ്തുവിന് പകരം കിട്ടിയത് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെയായിരുന്നു.

സർജാപൂർ റോഡില്‍ താമസിക്കുന്ന സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ആമസോണില്‍ നിന്നും എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓര്‍ഡര്‍ ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡെലിവറി ബോയ് പാക്കേജ് ഡെലിവര്‍ ചെയ്തു.എന്നാല്‍ പായ്ക്കറ്റ് തുറന്നപ്പോള്‍ ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് കണ്ടത്. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ആമസോണിനെ അറിയിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് റീഫണ്ട് ലഭിച്ചതായി ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന സംഭവത്തെക്കുറിച്ചുള്ള ആശങ്കകളും ഇരുവരും പങ്കുവച്ചു. ആമസോണിന്‍റെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരോപിച്ചു.

നേരത്തെ ആമസോണില്‍ നിന്നും 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭേക്താവിന് ലഭിച്ചത് കോള്‍ഗേറ്റിന്‍റെ ടൂത്ത് പേസ്റ്റായിരുന്നു. സംഭവത്തിൽ ആമസോണിനെതിരെ വിമർശനം ശക്തമായതോടെ മാപ്പ് പറഞ്ഞ് കമ്പനി രം​ഗത്തെത്തിയിരുന്നു. ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ യുവാവിന് രു പായ്ക്കറ്റ് ക്വിനോവ വിത്തുകള്‍ ലഭിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.ആമസോണിൽ ഓർഡർ ചെയ്ത ആപ്പിൾ വാച്ചിന് പകരം വ്യാജ റിസ്റ്റ് വാച്ച് ലഭിച്ചതായി മറ്റൊരു ഉപഭോക്താവ് പരാതിപ്പെട്ടിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News