'അതിയായ ദുഃഖമുണ്ട്, സഹിക്കാനുള്ള ശക്തി ദൈവം നമുക്ക് നൽകട്ടെ'; ഹാഥ്റസ് ദുരന്തത്തില്‍ മൗനം വെടിഞ്ഞ് ഭോലെ ബാബ
മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഭോലെ ബാബയുടെ പ്രസ്താവന
ഹാഥ്റസ്: യുപിയിലെ ഹാഥ്റസില്‍ പ്രാര്‍ഥനാചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ മൗനം വെടിഞ്ഞ് സുരാജ് പാല്‍ എന്ന ഭോലെ ബാബ. ദുരന്തത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന വായിക്കുന്നതാണ് വീഡിയോയിലുള്ളത്. '' ജൂലൈ 2നുണ്ടായ സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നമുക്ക് നല്‍കട്ടെ. സര്‍ക്കാരിലും അധികൃതരിലും വിശ്വസിക്കുക. കുഴപ്പം സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്...ദുഃഖിതരായ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പം നിൽക്കാനും അവരുടെ ജീവിതകാലം മുഴുവൻ അവരെ സഹായിക്കാനും എൻ്റെ അഭിഭാഷകൻ എ.പി. സിങ് മുഖേന, കമ്മിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.'' ബാബ പറയുന്നു.
മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഭോലെ ബാബയുടെ പ്രസ്താവന. മധുകറായിരുന്നു സത്സംഗത്തിന്‍റെ മുഖ്യസംഘാടകന്‍. ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ദേവ് പ്രകാശ് മധുകർ പ്രത്യേക അന്വേഷ സംഘത്തിന് മുന്നിൽ കീടങ്ങുകയായിരുന്നു.ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി സിങ്ങാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം ആൾ ദൈവം ഭോലെ ബാബയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.സംഘാടകർക്ക് മേൽ പൂർണമായും കുറ്റം ചുമത്തുന്ന രീതിയിലുള്ള പ്രാഥമിക റിപ്പോർട്ടാണ് അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. അതേ സമയം തിക്കും തിരക്കുമുണ്ടാക്കിയത് സാമൂഹിക വിരുദ്ധരാണെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഭോലെ ബാബയും അഭിഭാഷകനും ആവശ്യപ്പെടുന്നത്. ദുരന്തത്തിന് കാരണം യു.പി സർക്കാരിൻ്റെ വീഴ്ചയാണെന്ന് ഹാഥ്റസ് സന്ദർശിച്ച രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
അപകടത്തിൽഅലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്.ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ യു.പി ഗവർണർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.