''പുതിയ ഇന്ത്യയില്‍ ബിഗ് ബ്രദർ എല്ലാം കാണുന്നു, കേള്‍ക്കുന്നു; ഭയം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു''; വിമര്‍ശവുമായി മാർഗരറ്റ് ആൽവ
ബി.ജെ.പി എം.പിമാരെ വിളിച്ചതിനു പിന്നാലെ തന്റെ ബി.എസ്.എൻ.എൽ സിം ബ്ലോക്ക് ചെയ്തതായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നേരത്തെ ആരോപിച്ചിരുന്നു
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. രാഷ്ട്രീയക്കാരുടെ ഫോണുകൾ 'ബിഗ് ബ്രദർ' ചോർത്തുകയാണെന്ന് ആൽവ ആരോപിച്ചു. രാഷ്ട്രീയക്കാർക്കിടയിൽ ഈ ഭീതി നിലനിൽക്കുന്നുണ്ടെന്നും അത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഭരണപക്ഷ എം.പിമാരെ വിളിച്ചതിനു പിന്നാലെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്ക് ചെയ്തതായി മാർഗരറ്റ് ആൽവ നേരത്തെ ആരോപിച്ചിരുന്നു.
'ബിഗ് ബ്രദർ' എപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന ഭീതി 'പുതിയ' ഇന്ത്യയിൽ വിവിധ കക്ഷിരാഷ്ട്രീയക്കാർക്കിടയിലുള്ള സംഭാഷണങ്ങളെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. എം.പിമാരും രാഷ്ട്രീയ നേതാക്കന്മാരും ഒന്നിലധികം ഫോണുകളാണ് കൈയിൽ വയ്ക്കുന്നത്. ഇടക്കിടയ്ക്ക് നമ്പറുകൾ മാറ്റുന്നു. നേരിൽകാണുമ്പോൾ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു. ഭയം ജനാധിപത്യത്തെ കൊല്ലുകയാണ്.''-ആൽവ ട്വീറ്റ് ചെയ്തു.
ബി.ജെ.പിയിലെ ചില അംഗങ്ങളോട് വോട്ട് തേടിയതിനു പിന്നാലെ ഫോണിലേക്ക് വരുന്ന കോളുകളെല്ലാം തിരിച്ചുവിടുകയാണെന്നായിരുന്നു നേരത്തെ അവർ വെളിപ്പെടുത്തിയത്. ആരെയും വിളിക്കാൻ സാധിക്കുന്നില്ല. കോളുകൾ നമ്പറിലേക്ക് വരുന്നുമില്ല. ഫോൺ പുനഃസ്ഥാപിച്ചുതന്നാൽ ബി.ജെ.പി, തൃണമൂൽ, ബി.ജെ.ഡി അംഗങ്ങളെയൊന്നും ഇന്ന് വിളിക്കില്ലെന്നും ബി.എസ്.എൻ.എല്ലിനോട് വ്യക്തമാക്കിയിരിക്കുകയാണ് അവർ.
ട്വീറ്റിനു പിന്നാലെ സംഭവത്തിൽ ബി.എസ്.എൻ.എൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാർഗരറ്റ് ആൽവയുടെ പരാതിയിൽ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ടെലകോം മന്ത്രാലയവും അറിയിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് തങ്ങൾക്ക് ആത്മവിശ്വാസമുള്ളപ്പോൾ എന്തിനാണ് അവരുടെ ഫോൺ ചോർത്തുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.
വെങ്കയ്യ നായിഡുവിന്റെ കാലാവധി തീരുന്ന ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് നായിഡുവിന്റെ കാലാവധി തീരുന്നത്. തൃണമൂൽ കോൺഗ്രസ് അടക്കം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതോടെ എൻ.ഡി.എ സ്ഥാനാർത്ഥി മുൻ ബംഗാൾ ഗവർണർ കൂടിയായ ജഗദീപ് ധൻഘഡ് ഏറെക്കുറെ ജയമുറപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ആഗസ്റ്റ് ആറിനു നടക്കും.
Summary: 'Big brother' always listening to conversations between politicians in 'new' India, alleges Opposition's Vice President candidate Margaret Alva