രാജ്യം ചെയ്യേണ്ടത് ബിഹാർ ചെയ്തു, ഞങ്ങൾ വഴികാട്ടുകയാണ്: തേജസ്വി യാദവ്
ബിജെപിയുമായി ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ ഇന്ന് ഉച്ചക്ക് രണ്ടുമണിക്കാണ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തേജസ്വി യാദവാണ് പുതിയ ഉപമുഖ്യമന്ത്രി.
പട്‌ന: രാജ്യം ചെയ്യേണ്ടതാണ് ബിഹാർ ചെയ്തതെന്ന് ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. തങ്ങൾ രാജ്യത്തിന് വഴികാട്ടുകയാണ്, തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുനീക്കാനാണ് തങ്ങൾ മുൻഗണന കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
''രാജ്യം ചെയ്യേണ്ടത് ബിഹാർ ചെയ്തു. ഞങ്ങൾ അവർക്ക് വഴികാട്ടുകയാണ്. തൊഴിലില്ലായ്മക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. പാവപ്പെട്ടവരുടെയും യുവാക്കളുടെയും വേദന നമ്മുടെ മുഖ്യമന്ത്രിക്ക് മനസ്സിലാവും. ദരിദ്രർക്കും യുവാക്കൾക്കും ഒരു മാസത്തിനുള്ളിൽ ഞങ്ങൾ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത മഹത്തരമായ കാര്യമായിരിക്കും''-തേജസ്വി യാദവ് പറഞ്ഞു.
മഹാഗഡ്ബന്ധൻ ഇനി ബിഹാറിൽ വളരെ ശക്തമായ മുന്നണിയായിരിക്കും. വിധാൻസഭയിൽ പ്രതിപക്ഷത്ത് ബിജെപി മാത്രമായി അവശേഷിക്കും. വർഗീയത പ്രചരിപ്പിക്കാനും പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് ആരോപിച്ചു.
ബിജെപിയുമായി ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ ഇന്ന് ഉച്ചക്ക് രണ്ടുമണിക്കാണ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തേജസ്വി യാദവാണ് പുതിയ ഉപമുഖ്യമന്ത്രി. അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് നിതീഷ് കുമാർ ഉന്നയിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ നിതീഷ് മോദിയെ 2024ൽ വീണ്ടും അധികാരത്തിലെത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.