കശ്മീരിനെ പ്രത്യേക രാജ്യമാക്കി ചോദ്യപ്പേപ്പർ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി

2017ലും ഇതേ ചോദ്യം ആവർത്തിച്ചിട്ടുണ്ട്. അന്നും ഇത് ഏറെ വിവാദമായിരുന്നു

Update: 2022-10-19 08:11 GMT
Editor : Lissy P | By : Web Desk
Advertising

പട്‌ന: കശ്മീരിനെ രാജ്യമാക്കി ബിഹാർ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സ്‌കൂളുകളിലെ ഏഴാം ക്ലാസ് ചോദ്യപേപ്പറിലാണ് കശ്മീരിനെ പ്രത്യേക രാജ്യമാക്കിയത്. ചില രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നതെന്നായിരുന്നു ചോദ്യം. ചൈന, ഇന്ത്യ, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവക്കൊപ്പം കശ്മീരിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. 2017ലും ഇതേ ചോദ്യം ആവർത്തിച്ചിട്ടുണ്ട്. അന്നും ഇത് ഏറെ വിവാദമായിരുന്നു. എന്നാൽ അധ്യാപകർക്ക് പറ്റിയ കൈപ്പിഴ എന്നായിരുന്നു അന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്.

വീണ്ടും അതേ സംഭവം ആവർത്തിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണ വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും കുട്ടികളുടെ ഓർമയിൽ കാശ്മീരിനെയും ഇന്ത്യയെയും വേർതിരിക്കാനാണ് ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു. ഇത് യാദൃശ്ചികമല്ല, കുട്ടികൾ കാട്ടുനീതിയുടെ ഇരകളാകുന്നു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംഭവമെന്നും ബി.ജെ.പി ആരോപിച്ചു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നൽകുന്ന പിന്തുണയുടെ പ്രതിഫലനമാണ് ഇതെന്ന് ബിഹർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എൻഐഎ അന്വേഷണം വേണമെന്നും ബിഹാർ സർക്കാരിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞതവണത്തെ പോലെ ഇത് പ്രിന്റിംഗ് പിശകാണ് ഇതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ആരെങ്കിലും ബോധപൂർവ്വമായാണോ ഇത് ചെയ്തതെന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ അത് തിരുത്തുകയും മനഃപ്പൂർവം ചെയ്തതാണെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ഇതിൽ സർക്കാരിന് യാതൊരു പങ്കുമില്ല, അതിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാഭ്യാസ വകുപ്പ് അഭ്യർത്ഥിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News