'സർക്കാർ ആശുപത്രിയിലെ ബെഡിൽ ഗോതമ്പ് ഉണക്കാനിട്ട് ജീവനക്കാര്‍ '; കാഴ്ച കണ്ട് ഞെട്ടി എം.എൽ.എ

' ആശുപത്രിയിലെ രജിസ്റ്റര്‍പരിശോധിച്ചപ്പോൾ നിരവധി ഡോക്ടർമാരും നഴ്‌സുമാരും ഇല്ലെന്ന് കണ്ടെത്തി'

Update: 2023-03-31 09:03 GMT
Editor : Lissy P | By : Web Desk
Advertising

പട്ന: ബിഹാറിലെ പശ്ചിം ചമ്പാരൻ ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്‌സി) സന്ദർശിക്കാനെത്തിയ എം.എൽ.എ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. ആശുപത്രി ബെഡിൽ ജീവനക്കാർ ഗോതമ്പ് കഴുകി ഉണക്കാനിട്ടിരിക്കുന്ന കാഴ്ചയാണ് ജെഡിയു എംഎൽഎ റിങ്കു സിംഗ് എന്ന ധീരേന്ദ്ര പ്രതാപ് സിംഗ് കണ്ടത്. തകഹാര വില്ലേജിലെ സിഎച്ച്സിയിൽ എംഎൽഎ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ആശുപത്രിയിലെ കെടുകാര്യസ്ഥത വ്യക്തമായത്.

കൂടാതെ, സിഎച്ച്സിയിലെ ഓപ്പറേഷൻ തിയേറ്റർ സ്റ്റോർ റൂമായി ഉപയോഗിക്കുന്നതായും മരുന്നുകൾ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതായും എം.എൽ.എ കണ്ടെത്തി. 'ആശുപത്രി ജീവനക്കാർ ഗോതമ്പ് ഉണക്കാൻ കിടക്കകൾ ഉപയോഗിക്കുന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകളിൽ അഴുക്കും പൊടിയും കുന്നുകൂടിക്കിടക്കുകയാണ്. മരുന്നുകൾ ചവറ്റുകുട്ടകളിൽ വലിച്ചെറിയുകയും ഓപ്പറേഷൻ തിയേറ്റർ സ്റ്റോർ റൂമായി ഉപയോഗിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടതെന്നും എം.എൽ.എ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'ഞങ്ങൾ ആശുപത്രിയുടെ രജിസ്റ്റര്‍  പരിശോധിച്ചപ്പോൾ, നിരവധി ഡോക്ടർമാരും നഴ്‌സുമാരും ഇല്ലെന്ന് കണ്ടെത്തി. സിഎച്ച്‌സിയിൽ പൂർണ്ണമായ കെടുകാര്യസ്ഥതയാണ് നടക്കുന്നത്. ഇത് ഇനിയും തുടരാൻ അനുവദിക്കാനാവില്ല. ജില്ലാ മജിസ്ട്രേറ്റിനെയും സിവിൽ സർജനെയും കാണുമെന്നും പരാതിപ്പെടുമെന്നും ധീരേന്ദ്ര പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News