ബിഹാര്‍ സ്വദേശിയെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു; അറസ്റ്റില്‍
മൂവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
ഛപ്ര: ബിഹാറിലെ ഛപ്രയിൽ 45കാരനെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു. അലംഗീർ അൻസാരിയാണ് കൊല്ലപ്പെട്ടത്. മൂവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്ന അന്‍സാരി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ബിഹാറിലെ വീട്ടിലെത്തിയത്. ആദ്യ ഭാര്യ സല്‍മയും ഇപ്പോഴത്തെ ഭാര്യ ആമിനയും ഡല്‍ഹിയിലായിരുന്നു. നാട്ടിലെത്തിയ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രണ്ടു സ്ത്രീകളും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അന്‍സാരിയെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പിന്നീട് പറ്റ്ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. പറ്റ്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സല്‍മയെ അന്‍സാരി വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെ സല്‍മ മാറിതാമസിക്കാന്‍ തുടങ്ങി. ആറു മാസം മുന്‍പാണ് ബംഗാള്‍ സ്വദേശിയായ ആമിനയെ വിവാഹം കഴിക്കുന്നത്. സല്‍മയും ആമിനയും ഡൽഹിയിൽ കണ്ടുമുട്ടുകയും നഗരത്തിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തുവെന്നാണ് അന്‍സാരിയുടെ കുടുംബം പറയുന്നത്. ബക്രീദ് ആഘോഷിക്കാൻ യുവാവ് നാട്ടിലെത്തിയതറിഞ്ഞ് ജൂലൈ ഒമ്പതിനാണ് ഇവർ ബിഹാറിലെത്തിയത്.രണ്ട് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.