ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍; മരിച്ചെന്നു കരുതിയ യുവതി സുഹൃത്തിനൊപ്പം പഞ്ചാബില്‍
2016 ജൂൺ 14നാണ് ശാന്തി ദേവി എന്ന യുവതി ബിഹാര്‍ ലക്ഷ്മിപൂർ സ്വദേശിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചത്
ബിഹാര്‍; ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ മരിച്ചെന്നു കരുതിയ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തിയത്.
2016 ജൂൺ 14നാണ് ശാന്തി ദേവി എന്ന യുവതി ബിഹാര്‍ ലക്ഷ്മിപൂർ സ്വദേശിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 19ന് ശാന്തി ഭർത്താവിന്‍റെ വീട്ടിൽ നിന്ന് ഒളിച്ചോടി പഞ്ചാബിലുള്ള സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു. യുവതിയെ കാണാതായതിന് പിന്നാലെ ഭർത്താവ് ശാന്തിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാർ പൊലീസിനെ സമീപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. സ്ത്രീധനത്തിന്‍റെ പേരില്‍ ദിനേശ് ശാന്തിയെ പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം 50,000 രൂപയും മോട്ടോര്‍ ബൈക്കും ആവശ്യപ്പെട്ടതായും പിതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
തുടർന്ന് ദിനേശിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ പൊലീസിന് സംശയം തോന്നിയതോടെ യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചു. ഇതിന്‍റെ ഫലമായി ജലന്ധറില്‍ സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ മോത്തിഹാരിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.