150 മോമോസ് കഴിച്ചാൽ 1000 രൂപ; പന്തയത്തിൽ യുവാവിന് ദാരുണാന്ത്യം
വിപിനെ സഹൃത്തുക്കൾ ചതിച്ചതാണെന്നും മോമോസിൽ വിഷം ചേർത്തിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം
പട്‌ന: പന്തയത്തിന്റെ ഭാഗമായി അമിതമായി മോമോസ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ബിഹാറില ഗോപാൽഗഞ്ച് സ്വദേശിയായ വിപിൻ കുമാർ പശ്വാൻ (23) ആണ് മരിച്ചത്. 1000 രൂപയ്ക്ക് സുഹൃത്തുക്കൾ വെച്ച പന്തയത്തിലേർപ്പെട്ടതായിരുന്നു വിപിൻ.
ഗോപാർഗഞ്ചിലെ ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ ജീവനക്കാരനാണ് വിപിൻ. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴാണ് സുഹൃത്തുക്കൾ പന്തയത്തിന് ക്ഷണിക്കുന്നത്. ഏറ്റവും കൂടുതൽ മോമോസ് കഴിക്കുന്നവർക്ക് 1000 രൂപയായിരുന്നു പന്തയം. ഇതുപ്രകാരം സമീപത്തെ കടയിൽ വെച്ച് വിപിൻ മോമോസ് കഴിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ കുറച്ച് മോമോസ് കഴിച്ചുകഴിഞ്ഞപ്പോഴേ വിപിൻ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നീട് ബോധരഹിതനായി വീണു. വിപിൻ അഭിനയിക്കുകയാണെന്ന് കരുതിയ സുഹൃത്തുക്കൾ അൽപസമയത്തിന് ശേഷമാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. തുടർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിപിനെ സഹൃത്തുക്കൾ ചതിച്ചതാണെന്നും മോമോസിൽ വിഷം കലർത്തിയിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മരണവിവരം തങ്ങളെ സുഹൃത്തുക്കൾ അറിയിച്ചില്ലെന്നും മൃതദേഹം വഴിയരികിൽ കിടക്കുന്നത് കണ്ട അയൽക്കാരാണ് വിവരം അറിയിച്ചതെന്നും വിപിന്റെ പിതാവ് ബിഷുൺ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായതായാണ് ആരോപണം. സംഭവം നടക്കുന്നത് ഏത് സ്റ്റേഷൻ പരിധിയിലാണ് എന്നതിനെ ചൊല്ലിയുണ്ടായ തർക്കം പോസ്റ്റ്‌മോർട്ടം വൈകിയതിന് കാരണമായെന്നാണ് ബന്ധുക്കൾ പറയുന്നത്.