മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റിനെ നിയോഗിച്ച് ബി.ജെ.പി
ബി.ജെ.പി നേതാവ് തേജസ്വി സൂര്യയാണ് ഇക്കാര്യം കത്തിലൂടെ അറിയിച്ചത്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. യുവമോർച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് ഇക്കാര്യം അറിയിച്ചത്.
‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഭാരതീയ ജനതാ പാർട്ടി യുവമോർച്ചയുടെ ദേശീയ വൈസ് പ്രസിഡൻ്റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്. നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ രാജവംശത്തിൻ്റെ പിൻഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ കത്തിൽ ചൂണ്ടിക്കാട്ടി.
ശനിയാഴ്‌ചയാണ് പ്രധാനമന്ത്രി മോദിയുമായുള്ള പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ചതായി രാഹുൽ ഗാന്ധി അറിയിച്ചത്. മുൻ ജഡ്‌ജിമാരായ മദൻ ബി. ലോകൂർ, അജിത് പി. ഷാ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. റാം എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു സംവാദത്തിന് ക്ഷണിച്ചുകൊണ്ട് കത്തെഴുതിയത്.
രാഹുൽ ഗാന്ധി ക്ഷണം സ്വീകരിച്ചതിന് തൊട്ടുപിന്നാലെ, സംവാദത്തിന് യുവമോർച്ചയുടെ വക്താവിനെ നിയോഗിക്കുമെന്ന് തേജസ്വി സൂര്യ പറഞ്ഞിരുന്നു. ‘ആരാണ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മോദി അദ്ദേഹവുമായി എന്തിന് സംവാദം നടത്തണം? രാഹുൽ ഗാന്ധി ഇൻഡ്യാ മുന്നണിയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ പ്രധാനമന്ത്രി സ്ഥാനാർഥി പോലുമല്ല. ആദ്യം അദ്ദേഹത്തെ കോൺഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കട്ടെ. പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുമെന്ന് പറയട്ടെ. എന്നിട്ട് വേണം പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിക്കാൻ’ -തേജസ്വി സൂര്യ പറഞ്ഞു.
എന്നാൽ, സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാൻ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. 56 ഇഞ്ച് നെഞ്ച് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം സംഭരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.