തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ചു; വിവാദത്തില്‍ കുരുങ്ങി ബി.ജെ.പി സ്ഥാനാര്‍ഥി

ആ പെൺകുട്ടി തന്റെ കുട്ടിയെ പോലെയാണെന്നായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം

Update: 2024-04-10 13:11 GMT
Editor : Lissy P | By : Web Desk
Advertising

ബംഗാൾ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളിൽ ചുംബിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം ശക്തം. പശ്ചിമ ബംഗാളിലെ മാൾഡ ഉത്തർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഖാഗൻ മുർമുവാണ് വിവാദത്തിലകപ്പെട്ടത്. സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ ചഞ്ചലിലെ ശ്രീഹിപൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. പ്രചാരണത്തിന്റെ ലൈവ് വീഡിയോ സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പേജില്‍  അപ്ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് സ്ഥാനാർഥി പുലിവാല് പിടിച്ചത്.  പിന്നീട് ഈ വീഡിയോ ഫേസ്ബുക്ക് പേജിൽ നിന്ന് ഡിലീറ്റ് ചെയ്തു.

എന്നാൽ ഇത് തൃണമൂൽ കോൺഗ്രസ് സോഷ്യൽമീഡിയയിൽ ചർച്ചയാക്കി. 'നിങ്ങൾക്ക് ഇപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, വ്യക്തമാക്കിത്തരാം.ഇതാണ് ബി.ജെ.പി എംപിയുംമാൾഡ ഉത്തർ സ്ഥാനാർഥിയുമായ ഖാഗൻമുർമു. തന്റെ പ്രചാരണത്തിനിടെ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്നതാണ് നിങ്ങൾ കാണുന്നത്. ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതൽ ബംഗാളി സ്ത്രീകളെ കുറിച്ച് അശ്ലീല ഗാനങ്ങൾ ആലപിക്കുന്ന നേതാക്കൾ വരെ, ബി.ജെ.പി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ല! അവർ അധികാരത്തിൽ വന്നാൽ എന്തൊക്കെ ചെയ്യുമെന്ന് സങ്കൽപിച്ചു നോക്കുക'...എന്ന അടിക്കുറിപ്പോടെയാണ് തൃണമൂൽ കോൺഗ്രസ് ഈ വീഡിയോയുടെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്.

ഇത് ബംഗാളി സംസ്‌കാരത്തിന് എതിരാണെന്ന് ടിഎംസിയുടെ മാൾഡ വൈസ് പ്രസിഡന്റ് ദുലാൽ സർക്കാർ പ്രതികരിച്ചു. ഇങ്ങനെയൊക്കെയാണോ ആളുകളോട് വോട്ട് 'യാചിക്കുന്നതെന്നും' സംഭവത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, ഖാഗൻ മുർമു സംഭവം നിഷേധിച്ചിട്ടില്ല. ആ പെൺകുട്ടി തന്റെ കുട്ടിയെ പോലെയാണെന്നായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം.

ആ ചിത്രം തൃണമൂലിൽ നിന്നുള്ള ഒരാളാണ് പോസ്റ്റ് ചെയ്തതെന്ന് എച്ച്.ടി ബംഗ്ലാവിനോട് അദ്ദേഹം പറഞ്ഞു.'ചിത്രം ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്. ഇത് അവരുടെ വൃത്തികെട്ട മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. ആ പെൺകുട്ടി ഞങ്ങളുടെ കുടുംബത്തിലെ കുട്ടിയാണ്. ഞങ്ങളുടെ പ്രവർത്തകന്‍റെ മകളാണ്. ബംഗളൂരുവിൽ നഴ്‌സിങ്ങിന് പഠിക്കുകയാണ്. നമ്മുടെ കുട്ടികളോട് ചെയ്യുന്നത് പോലെയാണ് ചെയ്തത്.മാതാപിതാക്കൾ രണ്ടുപേരും അവിടെയുണ്ടായിരുന്നു. ആരും അത് മോശമായി എടുത്തില്ല'. അദ്ദേഹം എച്ച്.ടി ബംഗ്ലാവിനോട് പറഞ്ഞു.

ടിഎംസിക്കെതിരെ പരാതി നൽകുമെന്ന് മുർമു പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയെ ചുംബിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഗൂഢാലോചനയാണ്. ഇത്തരം ചിത്രങ്ങൾ വളച്ചൊടിച്ച് പാർട്ടികളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ബി.ജെ.പി സ്ഥാനാർഥി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News