രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്ക് പാളയത്തിൽ പട; അമിത് ഷാ ഇടപെട്ടിട്ടും രക്ഷയില്ല
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗം കൂടിയായ ദിനേഷ് പ്രതാപ് സിങാണ് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് നേരിടുന്നത്
ലക്‌നൗ: റായ്ബറേലിയിൽ രാഹുൽഗാന്ധിയെ വെല്ലുവിളിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് പാരയായി പാളയത്തിലെ പട. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗം കൂടിയായ ദിനേഷ് പ്രതാപ് സിങാണ് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് നേരിടുന്നത്. രണ്ട് എം.എൽ.എമാരാണ് ദിനേഷിനോട് കൂട്ടുകൂടാതെ മാറിനിൽക്കുന്നത്.
അമിത് ഷാ ഇടപെട്ടിട്ടും എം.എൽ.എമാർ വഴങ്ങുന്ന മട്ടല്ല. അവർ ഇപ്പോഴും മാറി നിൽക്കുകയാണ്. റായ്ബറേലി സദറിലെ എം.എൽ.എ അതിഥി സിങ്, എസ്പിയിൽ നിന്ന് കൂറുമാറി എത്തിയ ഉഞ്ചഹാർ എം.എൽ.എ മനോജ് കുമാർ പാണ്ഡെ എന്നിവരാണ് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ഇവർ വിട്ടുനിൽക്കുന്നതോടെ ഇവരുടെ അണികളും പ്രതാപ് സിങിന്റെ പ്രചാരണത്തിൽ നിന്നും അകലം പാലിക്കുകയാണ്. സീറ്റ് നിഷേധിച്ചതില്‍ നിന്നുണ്ടായ പ്രശ്നങ്ങളാണ് ഇവരുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.ഇതിന് പുറമെ വ്യക്തിപരമായ പ്രശ്നങ്ങളും ഇവരെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന.
നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ കോട്ടയിൽ ഇളക്കമുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെപിക്ക് തിരിച്ചടിയാണ് ഈ എം.എൽ.എമാരുടെ നിസഹകരണം. റായ്ബറേലിയിൽ കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അമിത് ഷാ, അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും നേരെയായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന ലോക്‌സഭാ മണ്ഡലമാണ് റായ്ബറേലി. അഞ്ചിൽ നാലും എസ്.പിയുടെ കൈകളിലാണ്. റായ്ബറേലി സദറിൽ മാത്രമാണ് ബി.ജെ.പിക്ക് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായത്. നേരത്തെ കോൺഗ്രസിലായിരുന്ന അതിഥി സിങാണ് ബി.ജെ.പി പാളയത്തിലെത്തി എം.എൽ.എ ആയത്.
ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മനോജ് കുമാർ പാണ്ഡെ ബി.ജെ.പിയോട് അടുക്കുന്നത്. റായ്ബറേലിയിലെ പ്രമുഖ ബ്രാഹ്മണ നേതാവാണ് പാണ്ഡെ. 11% ഠാക്കൂർമാരും 25% ദളിതരുമായി താരതമ്യം ചെയ്യുമ്പോൾ റായ്ബറേലി ജനസംഖ്യയുടെ 18% ബ്രാഹ്മണ സമുദായക്കാരാണ്. മൂന്ന് തവണ ഉഞ്ചഹാർ എംഎൽഎയായ പാണ്ഡെ, മുൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സർക്കാരിലെ ഒരു പ്രധാന ബ്രാഹ്മണ മുഖവുമായിരുന്നു.
ഫെബ്രുവരിയിലാണ് പാണ്ഡെ,എസ്.പിയില്‍ നിന്ന് കൂറുമാറുന്നത്. ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ, എസ്പിയുടെ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച്, ബി.ജെ.പിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്യുകയായിരുന്നു. അതേസമം പാണ്ഡെ ഇതുവരെ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേര്‍ന്നിട്ടില്ലെങ്കിലും കൂറ് കാവിക്കോട്ടയിലാണ്. റായ്ബറേലി മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റ് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കിട്ടിയില്ല.
അതേസമയം പിണങ്ങിനില്‍ക്കുന്ന മറ്റൊരു എം.എല്‍.എയായ അതിഥി സിങ്, റായ്ബറേലിയിലെ ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയിൽ ഉണ്ടായിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല. താത്പര്യമില്ലാത്തത് കൊണ്ടാണ് അവര്‍ സംസാരിക്കാതെ ഇരുന്നത് എന്നാണ് വിവരം. അതിഥിയുടെ പേര് ഇടയ്ക്കിടെ പറഞ്ഞ് അവരെ തണുപ്പിക്കാന്‍, അമിത് ഷാ, നോക്കിയെങ്കിലും ഫലം കണ്ടിട്ടില്ല.
അതേസമയം 2019 ലെ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയോട് 1.67 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ദിനേഷ് പ്രതാപ് പരാജയപ്പെട്ടെങ്കിലും, ഒരിക്കല്‍കൂടി ബി.ജെ.പി അവസരം കൊടുക്കുകയായിരുന്നു. റായ്‍ബറേലിയില്‍ രാഹുലിനെ ശക്തമായി വെല്ലുവിളിച്ച സ്ഥാനാര്‍ത്ഥിയാണ് ദിനേഷ്. കള്ളന്‍റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു എന്നുമൊക്കെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. സോണിയാ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ എത്തുന്നത്.