'കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു';സിസോദിയയുടെ അറസ്റ്റിൽ ആം ആദ്‍മി
മനീഷ് സിസോദിയയുടെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാർട്ടി
ഡൽഹി: മനീഷ് സിസോദിയയുടെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാർട്ടി. അറസ്റ്റ് പ്രതികാര രാഷ്ട്രീയമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് അറസ്റ്റ് ചെയ്തതെന്ന് ആം ആദ്മി പാർട്ടി കൂട്ടിച്ചേർത്തു.
ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടെന്നും ജനങ്ങൾ പ്രതികരിക്കുമെന്നും പ്രതികരിച്ച കെജ്രിവാൾ തരംതാണ രാഷ്ട്രീയമാണിതെന്നും പറഞ്ഞു. മനീഷ് സിസോദിയക്ക് എതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ആംആദ്മി എം.എൽ.എ അതിഷി പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സി.ബി.ഐ ആസ്ഥാനത്തിന് ചുറ്റുമുള്ള റോഡുകളിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ നിയന്ത്രിക്കുകയാണ്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സിസോദിയയെ നാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സത്യേന്ദർ ജയ്‍നിനുശേഷം അറസ്റ്റിലാകുന്ന ആംആദ്മി മന്ത്രി സഭയിലെ രണ്ടാമത്തെയാളാണ് മനീഷ് സിസോദിയ.
സിസോദിയയുടെ വീടിന് മുൻപിൽ പൊലീസിനെ വിന്യസിച്ചു. സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് സിസോദിയ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു. "ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിലേക്ക് പോകും. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹവും ഞങ്ങൾക്കൊപ്പമുണ്ട്. കുറച്ച് മാസം ജയിലിൽ കിടക്കേണ്ടി വന്നാലും എനിക്ക് പ്രശ്നമില്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് ഞാൻ" എന്ന് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.
പുതിയ മദ്യനയത്തിനെതിരെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചു. ഇടനിലക്കാരെയും വ്യാപാരികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഡൽഹി മദ്യനയം തങ്ങൾക്കനുകൂലമാക്കാൻ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും 'ദക്ഷിണേന്ത്യന്‍ ലോബി' ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഭാരത രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചിബാബു ഗോരന്തലയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.