നാഗാലാൻഡിലും തൃണമൂല്‍ ഓപറേഷൻ; 12 ബിജെപി നേതാക്കൾ കൊൽക്കത്തയിൽ; കൂടുമാറ്റത്തിനു നീക്കമെന്ന് സൂചന

മുൻ നിയമസഭാ സ്പീക്കറും എംഎൽഎമാരും കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളെ കാണാനെത്തിയതായാണ് റിപ്പോര്‍ട്ട്

Update: 2021-12-06 10:52 GMT
Editor : Shaheer | By : Web Desk
Advertising

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലയുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസ് ഓപറേഷനില്‍ പുതിയ നീക്കം. ത്രിപുരയ്ക്കും മേഘാലയയ്ക്കും അസമിനും ശേഷം നാഗാലാൻഡിലേക്കും തൃണമൂൽ ചുവടുറപ്പിക്കുന്നതായാണ് പുതിയ വാർത്ത. ഇതിന്റെ ഭാഗമായി മുന്‍ എംഎൽഎമാർ അടക്കമുള്ള ബിജെപി നേതാക്കൾ തൃണമൂലിലേക്ക് കൂടുമാറുന്നതായി ദ ഹിന്ദു, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

12 ബിജെപി നേതാക്കൾ കൊൽക്കത്തയിലെത്തി തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വാർത്ത. നാഗാലാൻഡ് മുൻ ഡെപ്യൂട്ടി സ്പീക്കറാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. ഉപമുഖ്യമന്ത്രി വൈ പട്ടോൻ അടക്കമുള്ള മുതിർന്ന നേതാക്കന്മാരുടെ പ്രവര്‍ത്തനശൈലിയിലും പെരുമാറ്റത്തിലും അസംതൃപ്തരായ സംഘമാണ് കൂടുമാറ്റത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാൽ, വാർത്ത ബിജെപി സംസ്ഥാന നേതാക്കള്‍ തള്ളിക്കളഞ്ഞു. തൃണമൂൽ നേതാക്കളെ കാണാനായി നാഗാലാൻഡിലെ ഒരു പാർട്ടി നേതാവും കൊൽക്കത്തയിലെത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽനിന്നുള്ളവരാകുമെന്നും ബിജെപി നേതാവ് ലെവി രെംഗ്മ പ്രതികരിച്ചു.

നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യുടെ നേതൃത്വത്തിലുള്ള സർക്കാരിൽ സഖ്യകക്ഷിയാണ് ബിജെപി. 60 അംഗ സഭയിൽ 12 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടുമായി(എൻപിഎഫ്) എൻഡിപിപി സഖ്യംചേർന്നതിനു പിറകെയാണ് ബിജെപിയിലെ പുതിയ പ്രശ്‌നങ്ങൾ ഉടലെടുത്തത്.

എൻപിഎഫുമായി ഒരുവിഭാഗം ബിജെപി നേതാക്കൾക്ക് അടുത്ത ബന്ധമുണ്ട്. എൻഡിപിപിയെ ഒഴിവാക്കി എൻപിഎഫുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാൻ ഈ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം നടന്നിരുന്നു. എന്നാൽ, ഈ വിവരം മണത്തറിഞ്ഞ് എൻഡിപിപി നേതാവും നാഗാലാൻഡ് മുഖ്യമന്ത്രിയുമായ നീഫിയു റിയോ എൻപിഎഫിനെ സഖ്യത്തിലെടുക്കുകയായിരുന്നു.

കോൺഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി 2024ലെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങാൻ തൃണമൂൽ കോൺഗ്രസിന്റെ നീക്കമുണ്ട്. ബിജെപിക്കെതിരെ കോൺഗ്രസില്ലാത്തൊരു പ്രതിപക്ഷ മുന്നണിയാണ് തൃണമൂൽ ലക്ഷ്യമിടുന്നത്. ഇതിനിടയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടി സ്വാധീനമുറപ്പിക്കാനും ശ്രമങ്ങളുണ്ട്.

കഴിഞ്ഞ മാസമാണ് മേഘാലയയിൽ കോൺഗ്രസിന്റെ 17 എംഎൽഎമാരിൽ 12 പേരും തൃണമൂലിലേക്ക് മറുകണ്ടം ചാടിയത്. അസമിൽ കോൺഗ്രസ് മുൻ എംപി സുഷ്മിത ദേവ് അടക്കമുള്ള നേതാക്കൾ തൃണമൂലിൽ ചേർന്നിരുന്നു. ത്രിപുരയിൽ ഒരു ബിജെപി എംഎൽഎയും തൃണമൂലിനൊപ്പം ചേർന്നിട്ടുണ്ട്.

Summary: A BJP leader in Nagaland said that the 12 party leaders have been camping in Kolkata for a meeting with the Trinamool Congress leadership. The group is led by a former Deputy Speaker of the State Assembly, national media including The Hindu and News Indian Express report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News