'തുപ്പല്‍ ജിഹാദ് നടക്കുന്നു; ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം'; വിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ

ഹിന്ദു പേരില്‍ മുസ്‌ലിംകള്‍ കടകള്‍ നടത്തുന്നുണ്ടെന്നും 'തുപ്പല്‍ ജിഹാദ്' നടക്കുന്നുണ്ടെന്നുമുള്ള വിദ്വേഷ പരാമര്‍ശങ്ങളും നടത്തി രാജാ സിങ് എം.എല്‍.എ

Update: 2024-07-27 04:16 GMT
Editor : Shaheer | By : Web Desk

രാജാ സിങ്

Advertising

ഹൈദരാബാദ്: വിവാദ കാവഡ് യാത്രാ ഉത്തരവിന്റെ ചുവടുപിടിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ സമാന ആവശ്യവുമായി കൂടുതല്‍ ഹിന്ദുത്വ നേതാക്കള്‍. ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍ തെലങ്കാനയിലെ പ്രമുഖ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ടി. രാജാ സിങ്. ചില ആളുകള്‍ 'തൂക്ക് ജിഹാദ്'(തുപ്പല്‍ ജിഹാദ്) നടത്തുന്നുണ്ടെന്നും ഹിന്ദു പേരില്‍ മുസ്‌ലിംകള്‍ സ്ഥാപനങ്ങള്‍ നടത്തുന്നതു തിരിച്ചറിയണമെന്നു തുടങ്ങുന്ന വിദ്വേഷ പരാമര്‍ശങ്ങളും നടത്തി എം.എല്‍.എ. വിദ്വേഷ പ്രസംഗങ്ങള്‍ക്കു മുന്‍പും വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് രാജാ സിങ്.

ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ രാജാ സിങ് പ്രസംഗിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ''ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ചെയ്തതു പോലെ തെലങ്കാന സര്‍ക്കാരും കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കി നിയമം നടപ്പാക്കണം. ഉത്തര്‍പ്രദേശില്‍ കാവഡ് യാത്ര ആഘോഷത്തോടെയാണു നടക്കുന്നത്. 'തൂക്ക് ജിഹാദി'ന്റെ ഭാഗമായി ഇവര്‍ ഭക്ഷണത്തിലും വെള്ളത്തിലും മറ്റു വസ്തുക്കളിലുമെല്ലാം തുപ്പുന്ന പരിപാടിയുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.''-ബി.ജെ.പി നേതാവ് പ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

ആളുകളെ പറ്റിക്കാനായി മുസ്‌ലിംകള്‍ ഹിന്ദു പേരില്‍ കടകള്‍ നടത്തുന്നുണ്ടെന്നും രാജാ സിങ് ആരോപിച്ചു. എന്നാല്‍, ഇപ്പോള്‍ കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് കൃത്യമായി പ്രദര്‍ശിപ്പിക്കേണ്ടി വന്നതുകൊണ്ട് ഹിന്ദു സഹോദരങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനാകുമെന്നും പ്രസംഗത്തില്‍ തുടരുന്നു.

നേരത്തെ, മധ്യപ്രദേശിലെ പ്രമുഖ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ബാഗേശ്വര്‍ ധാമിനു സമീപത്തെ മുഴുവന്‍ കച്ചവടക്കാരും കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേരടങ്ങിയ നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ പീഠാധീശ്വര്‍ പണ്ഡിറ്റ് ധിരേന്ദ്രകൃഷ്ണ ശാസ്ത്രി ആണു പത്തു ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞയാഴ്ച അന്ത്യശാസനം നല്‍കിയത്. രാമന്റെയും റഹ്‌മാന്റെയും ആള്‍ക്കാരെ തിരിച്ചറിയാനാണ് ഇത്തരമൊരു നിര്‍ദേശമെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ് ഇന്ന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. കാവഡ് തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പാതയോരങ്ങളിലെ കടകളിലെല്ലാം ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്ന നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു വിവാദ ഉത്തരവ്. കടയിലെ ജോലിക്കാരുടെ പേരുവിവരങ്ങളും പ്രദര്‍ശിപ്പിക്കണം, ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഉത്തരവിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്. സ്റ്റേ കഴിഞ്ഞ ദിവസം നീട്ടുകയും ചെയ്തിട്ടുണ്ട്.

Summary: BJP MLA Raja Singh demands display of owners’ names at Hyderabad eateries

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News