‘പൊലീസിന് ഒരു ദിവസം അവധി നൽകൂ, ഹിന്ദുക്കൾ അവരുടെ ശക്തികാണിക്കും’; മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎൽഎ

നിതീഷ് റാണക്കെതിരെ നടപടി വേണമെന്ന് എൻഡിഎ ഘടകകക്ഷി

Update: 2024-09-21 06:11 GMT
Advertising

മുംബൈ: മുസ്‍ലിംകൾക്കെതിരെ വീണ്ടും ഭീഷണിയുമായി മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ നിതീഷ് റാണ. പൊലീസിന് ഒരു ദിവസം അവധി നൽകിയാൽ ഹിന്ദുക്കൾ അവരുടെ ശക്തികാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാണയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. കൊങ്കണിലെ കങ്കാവിൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം.

‘പൊലീസിന് ഒരു ദിവസം അവധി നൽകൂ, ഹിന്ദുക്കൾ അവരുടെ ശക്തി കാണിക്കും. അടുത്ത തവണ ലവ് ജിഹാദ് കേസ് കണ്ടെത്തിയാൽ ആളെ പിടികൂടി എല്ലുകൾ ഒടിക്കണം. എന്നെ വിളിക്കൂ, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്’ -എന്നാണ് റാണ പ്രസംഗത്തിൽ പറയുന്നത്. കഴിഞ്ഞദിവസം സാംഗ്ലിയിൽ നടന്ന പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘താൻ എംഎൽഎ ആയിട്ടോ പാർട്ടി പ്രവർത്തകൻ ആയിട്ടോ അല്ല പരിപാടിക്ക് പോയത്, ഒരു ഹിന്ദു ഹിന്ദുക്കളോട് സംസാരിക്കുന്നതായി കണ്ടാൽ മതി’ എന്നായിരുന്നു റാണയുടെ മറുപടി.

മുമ്പും മുസ്‍ലിംകൾക്കെതിരെ ഏറെ വിദ്വേഷ പ്രചാരണങ്ങൾ നടത്തി കുപ്രസിദ്ധി നേടിയ നേതാവാണ് നിതീഷ് റാണ. ഈ മാസം തന്നെ അഹമ്മദ് നഗറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റാണയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമർശനവുമായി രംഗത്തുവന്നു. റാണ ഇത് അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ വിഷയം ഡൽഹിയിലെത്തിക്കുമെന്ന് പവാർ മുന്നറിയിപ്പ് നൽകി. എന്നാൽ, അജിത് പവാർ എന്തുവേണമെങ്കിലും പറയട്ടെ എന്നായിരുന്നു നിതീഷ് റാണയുടെ മറുപടി.

നിതീഷ് റാ​ണക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിന് എൻസിപി (അജിത് പവാർ പക്ഷം) നേതാവും എംഎൽസിയുമായ സതീഷ് ചവാൻ കത്തയച്ചു. തന്റെ പ്രസ്താവനകളിലൂടെ റാണ സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മുസ്‍ലിം സമുദായത്തിനെതിരെയും അവരുടെ മതപരമായ സ്ഥലങ്ങളെക്കുറിച്ചും നിതീഷ് റാണ വിവാദ ​പ്രസ്താവനകൾ നടത്തുകയാണ്. ഈ പ്രസ്താവനകൾ മുസ്‍ലിം സമുദായത്തെ ചൊടിപ്പിക്കുന്നുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്തിട്ടും വിവാദ പ്രസ്താവനകൾ തുടരുന്നു. നിതീഷ് റാണക്കെതിരെ ബിജെപി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സതീഷ് ചവാൻ കത്തിൽ ആവശ്യപ്പെട്ടു.

നിതീഷ് റാണക്കെതിരെ എഐഎംഐഎം നേതാവ് വാരിസ് പത്താനും രംഗത്തുവന്നു. ‘നായ്ക്കൾ കുരക്കും, പക്ഷെ സിംഹം അത് കാര്യമായി എടുക്കുന്നില്ല. 24 മണിക്കൂർ പൊലീസിന് അവധി നൽകണമെന്നാണ് റാണ പറഞ്ഞത്. ആ 24 മണിക്കൂറിൽ എന്താണ് ചെയ്യുകയെന്ന് അദ്ദേഹത്തോട് ചോദിക്കുകയാണ്. ഇതേ കാര്യം ഞാനാണ് പറഞ്ഞതെങ്കിൽ ഞാൻ ഇപ്പോൾ ജയിലിലായിരിക്കും’ -വാരിസ് പത്താൻ വ്യക്തമാക്കി.

സുപ്രിംകോടതിയുടെ മർഗനി​ർദേശങ്ങൾ പ്രകാരം ഇത് പ്രകോപനപരമായ പ്രസംഗം ആണെങ്കിലും മഹാരാഷ്ട്ര സർക്കാർ ഇതിനെതിരെ കേസെടുക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാരിസ് പത്താൻ കുറ്റപ്പെടുത്തി.

അതേസമയം, നിതീഷ് റാണയെ സംരക്ഷിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തുവന്നു. റാണക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വക്ക് വേണ്ടി പണിയെടുക്കുന്നയാളാണ് നിതീഷ് റാണ. അദ്ദേഹം ഒരു ഹിന്ദുത്വ വാദിയാണ്. സമുദാവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹം വളരെ നിശ്ചയദാർഢ്യത്തോടെ പ്രകടിപ്പിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, അദ്ദേഹം പറയുന്നതിന്റെ അർഥം ചിലപ്പോൾ മാറിപ്പോകും. ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അത് നോക്കിക്കൊള്ളുമൊന്നും ഫഡ്നാവിസ് പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News