'കേന്ദ്ര നിയമമന്ത്രി നമ്പർ വണ്‍ അഴിമതിക്കാരൻ'; ആരോപണങ്ങളുമായി ബി.ജെ.പി നേതാവ്

കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിനെതിരെ മുൻ രാജസ്ഥാൻ സ്പീക്കറും ബി.ജെ.പി എം.എൽ.എയുമായ കൈലാഷ് മേഘ്‌വാൾ ആണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്

Update: 2023-08-29 08:47 GMT
Editor : Shaheer | By : Web Desk

അര്‍ജുന്‍ റാം മേഘ്‍വാള്‍, കൈലാഷ് ചന്ദ്ര മേഘ്‍വാള്‍

Advertising

ജയ്പൂർ: കേന്ദ്രമന്ത്രിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുതിർന്ന ബി.ജെ.പി നേതാവ്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനെതിരെയാണ് ആരോപണം. മുൻ രാജസ്ഥാൻ സ്പീക്കറും ബി.ജെ.പി എം.എൽ.എയുമായ കൈലാഷ് ചന്ദ്ര മേഘ്‌വാൾ ആണു കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

അർജുൻ റാമിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് കൈലാഷ് പറഞ്ഞു. ഒന്നാം നമ്പർ അഴിമതിക്കാരനാണ് അർജുനെന്ന് അദ്ദേഹം ആരോപിച്ചു. അയാൾക്കെതിരെ അഴിമതിക്കേസുകൾ നിലവിലുണ്ട്. നിയമമന്ത്രി അഴിമതിക്കാരനാണെന്ന് മോദിയെ അറിയിക്കും. മുൻപ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കെ ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്. പാവങ്ങളെയും പട്ടിക ജാതിക്കാരെപ്പോലും വെറുതെവിട്ടില്ല. എല്ലാവരുടെ അടുത്തുനിന്നും പണം തട്ടിയിട്ടുണ്ടെന്നും കൈലാഷ് ആരോപിച്ചു.

സ്വന്തം മണ്ഡലമായ ഷാഹ്പുരയിൽ നടന്ന ഒരു പൊതുപരിപാടിയിലാണു കേന്ദ്രമന്ത്രിക്കെതിരെ എം.എൽ.എ ആരോപണശരങ്ങളെയ്തത്. അഴിമതിക്കേസുകളിൽനിന്നു രക്ഷപ്പെടാനാണ് അർജുൻ റാം രാഷട്രീയത്തിൽ ചേർന്നതെന്ന് കൈലാഷ് കുറ്റപ്പെടുത്തി. കലക്ടറായിരിക്കെ ലക്ഷങ്ങളുടെ അഴിമതി നടത്തിയയാളാണ്. ഇപ്പോഴും അതിന്റെ കേസുകൾ തുടരുകയാണ്-കൈലാഷ് മേഘ്‌വാൾ ചൂണ്ടിക്കാട്ടി.

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെ പ്രശംസിക്കുകയും ചെയ്തു കൈലാഷ്. ഷാഹ്പുരയ്ക്കു വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തയാളാണ് ഗെഹ്ലോട്ട്. അദ്ദേഹത്തെ പ്രശംസിക്കേണ്ടതല്ലേയെന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായ സി.പി ജോഷി കാരണമാണ് ചമ്പലുകാര്‍ ഇപ്പോൾ വെള്ളം കുടിക്കുന്നതെന്നും കൈലാഷ് മേഘ്‌വാൾ കൂട്ടിച്ചേർത്തു.

പാർലമെന്ററികാര്യ, സാംസ്‌കാരിക സഹമന്ത്രിയാണ് അർജുൻ റാം മേഘ്‌വാൾ. ഇതോടൊപ്പമാണ് നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയും വഹിക്കുന്നത്. ബികാനീറിൽനിന്ന് തുടർച്ചയായി മൂന്നാം തവണയാണ് എം.പിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. 1982ലാണ് രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവിസസിൽ(ആർ.എ.എസ്) പ്രവേശിക്കുന്നത്. പിന്നീട് ഐ.എ.എസിലേക്ക് പ്രമോഷൻ ലഭിക്കുകയായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബി, എം.ബി.എ ബിരുദങ്ങളുമെല്ലാമുള്ള അർജുൻ റാം വോളന്ററി റിട്ടയർമെന്റ് എടുത്താണ് 2009ൽ ബികാനീറിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്.

Summary: BJP MLA and former Rajasthan Assembly Speaker Kailash Chandra Meghwal calls Union minister Arjun Ram Meghwal ‘corrupt number 1’

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News