ബംഗാളിൽ സിപിഎം-ബിജെപി ചർച്ച; സർക്കാറിനെ അട്ടിമറിക്കാനെന്ന് തൃണമൂൽ
അടുത്ത വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം നൽകുന്നവരുമേറെ
കൊൽക്കത്ത: ദീപാവലി ദിനത്തിൽ സിപിഎം നേതാവ് അശോക് ഭട്ടാചാര്യയുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ച വിവാദത്തിൽ. ഉത്തര ബംഗാളിലെ പ്രധാന സിപിഎം നേതാവുമായി നടത്തിയ കൂടിക്കാഴ്ച സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ആരോപണങ്ങൾ തള്ളിയ ഭട്ടാചാര്യ ബിജെപി നേതാക്കളുടേത് സൗഹൃദ സന്ദർശനം മാത്രമാണെന്ന് വിശദീകരിച്ചു.
ബിജെപി ഡാർജിലിങ് എംപി രാജു ബിസ്ത, സിലിഗുരി എംഎൽഎ ശങ്കർ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി സംഘം മുൻ സിലിഗുരി മേയർ കൂടിയായ ഭട്ടാചാര്യയുടെ വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ഇവർ സംസാരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 'ഡിസംബറോടെ സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള' നീക്കങ്ങളാണ് നടത്തുന്നതെന്ന് മുഖപത്രമായ ജഗോ ബംഗ്ലയിൽ തൃണമൂൽ ആരോപിച്ചു.
'ഇത് സൗഹൃദ സന്ദർശനം മാത്രമല്ല. വടക്കൻ ബംഗാളിനെ അസ്ഥിരപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ ശേഷം, സംസ്ഥാനത്തെ വിഭജിക്കാനാണ് ആ പാർട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കാനോ പ്രത്യേക സംസ്ഥാനമാക്കാനോ ആണ് ശ്രമം. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങൾ അപലപിക്കുന്നു' - തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു.
ബംഗാളിനെ വിഭജിച്ച് ഉത്തരബംഗാളിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് നിരവധി ബിജെപി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നു പറഞ്ഞ ഭട്ടാചാര്യ, ഭാര്യയുടെ മരണത്തിൽ അനുശോചനം അറിയിക്കാനാണ് ബിജെപി നേതാക്കൾ വന്നതെന്ന് വിശദീകരിച്ചു. ദീപാവലിയോട് അനുബന്ധിച്ച് അവർ ഡ്രൈ ഫ്രൂട്ട്‌സും കൊണ്ടുവന്നിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ആരോപണം അവരുടെ അരക്ഷിത ബോധത്തിന്റെ അടയാളമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
സിലിഗുരിയിലെ പ്രധാന സിപിഎം നേതാവായിരുന്ന, ഇപ്പോൾ ബിജെപി എംഎൽഎയായ ശങ്കർ ഘോഷിന്റെ അടുത്ത സുഹൃത്താണ് ഭട്ടാചാര്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. ആറു തവണ സിലിഗുരിയിൽ നിന്ന് സഭയിലെത്തിയ ഭട്ടാചാര്യയെയാണ് ശങ്കര്‍ ഘോഷ് തോൽപ്പിച്ചത്.
മുന്നിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്
അടുത്ത വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം നൽകുന്നവരുമേറെ. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു ഭിന്നമായി ഉത്തരബംഗാളിൽ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ചാണ്. ഭട്ടാചാര്യയെ പോലുള്ള മുതിർന്ന നേതാവിനെ സ്വന്തം പാളയത്തിലെത്തിച്ചാൽ അത് നേട്ടമാകുമെന്ന് ബിജെപി കരുതുന്നുണ്ട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരബംഗാളിലെ എട്ടിൽ ഏഴു സീറ്റും വിജയിച്ചത് ബിജെപിയാണ്. ഒരു സീറ്റില്‍ കോൺഗ്രസും. എന്നാൽ നിയമസഭയിൽ ഈ പ്രകടനം ബിജെപിക്ക് ആവർത്തിക്കാനായില്ല. 54 സീറ്റിൽ മുപ്പതെണ്ണത്തിലാണ് ബിജെപി ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 23 സീറ്റും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ഒരു സീറ്റും ലഭിച്ചു. മാർച്ചിലാണ് ഉത്തരബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ്.