'ലൗ ജിഹാദി'ന് 10 വർഷം തടവും ഒരു ലക്ഷം പിഴയും, അയോധ്യയിൽ രാമായണ യൂനിവേഴ്‌സിറ്റി; യു.പിയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

ഹിന്ദു പുരോഹിതന്മാർക്കും സന്ന്യാസിമാർക്കുമുള്ള ക്ഷേമപദ്ധതികൾക്കായി പ്രത്യേക ബോർഡ് രൂപീകരിക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു

Update: 2022-02-08 14:58 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. 'ലൗജിഹാദ്' മുതൽ രാമായണ സർവകലാശാല വരെ നീളുന്ന ഹിന്ദുത്വ പ്രീണനവാഗ്ദാനങ്ങൾ തന്നെയാണ് പ്രകടനപത്രികയിലെ പ്രധാന സവിശേഷതകൾ. കഴിഞ്ഞ ദിവസം ഗായിക ലതാ മങ്കേഷ്‌ക്കറുടെ നിര്യാണത്തെത്തുടർന്ന് പ്രകടനപത്രിക പ്രകാശനം മാറ്റിവച്ചിരുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പത്രിക പുറത്തിറക്കിയത്.

പ്രകടനപത്രികയിൽ 'ലൗജിഹാദ്' തന്നെയാണ് പ്രധാന വിഷയമായി ബി.ജെ.പി മുന്നോട്ടുവച്ചിരിക്കുന്നത്. പത്തുവർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാക്കി പുതിയ 'ലൗജിഹാദ്' നിയമം കൊണ്ടുവരുമെന്നാണ് പത്രികയിൽ അവകാശപ്പെടുന്നത്. കഴിഞ്ഞ നവംബറിൽ വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാർ ഓർഡിനൻസ് പാസാക്കിയിരുന്നു.

രാമക്ഷേത്രത്തിന്റെ അരികിൽ രാമായണ സർവകലാശാല

അയോധ്യയിൽ രാമായണ സർവകലാശാലയാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ സമീപത്തായിരിക്കും സർവകലാശാലയും നിർമിക്കുക. ഇവിടെ ഭാരതീയ സംസ്‌കാരം മുതൽ ഭഗവാൻ രാമൻ വരെയുള്ള വിഷയങ്ങളിൽ ഗവേഷണത്തിന് ഊന്നൽനൽകിയായിരിക്കും സർവകലാലയെന്നും വാഗ്ദാനത്തിൽ പറയുന്നു.

ഹിന്ദു പുരോഹിതന്മാർക്കും സന്ന്യാസിമാർക്കുമുള്ള ക്ഷേമപദ്ധതികൾക്കായി പ്രത്യേക ബോർഡ് രൂപീകരിക്കും. യു.പിയിലെ വിവിധ ക്ഷേത്രങ്ങളുടെ വിശദമായ വിവരങ്ങളും റൂട്ടുകളുമെല്ലാം വിശ്വാസികൾക്ക് പെട്ടെന്ന് മനസിലാക്കാവുന്ന തരത്തിൽ ടെംപിൾസ് ഇൻഫർമേഷൻ സിസ്റ്റം(ഐ.ടി.ഐ.എസ്) എന്ന ഓൺലൈൻ സംവിധാനമൊരുക്കുമെന്നും യോഗിയുടെ പ്രകടനപത്രികയിൽ പറയുന്നു.

കർഷകർക്കും സ്ത്രീകൾക്കും സൗജന്യവാഗ്ദാനങ്ങൾ

വിവാദ കാർഷിക നയങ്ങളെത്തുടർന്ന് തിരിച്ചടി പ്രതീക്ഷിക്കുന്ന കർഷകരെ ആകർഷിക്കാനും സ്ത്രീവോട്ടുകൾ പിടിച്ചെടുക്കാനും നിരവധി സൗജന്യവാഗ്ദാനങ്ങളും പത്രികയിലുണ്ട്. അടുത്ത അഞ്ചുവർഷം എല്ലാ കർഷകർക്കും വൈദ്യുതി സൗജ്യനമാക്കും. ചെറികിട കർഷകർക്ക് കുഴൽക്കിണറിന് ഗ്രാന്റ് അനുവദിക്കും.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കരിമ്പ് എന്നിവയ്ക്ക് കുറഞ്ഞ താങ്ങുവില നടപ്പാക്കും. കരിമ്പ് കർഷകർക്ക് 14 ദിവസത്തിനുള്ളിൽ കൂലി നൽകും. ഇതു മുടങ്ങിയാൽ പലിശയടക്ക് നൽകും.

60 വയസിനുമുകളിലുള്ള സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കും. വിധവാ പെൻഷൻ 1,500 രൂപയായി ഉയർത്തും. യു.പി.എസ്.സി, മറ്റ് സർക്കാർ തസ്തികകളിൽ സ്ത്രീ സാന്നിധ്യം ഇരട്ടിയാക്കും. കോളജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സ്‌കൂട്ടി നൽകും. ഹോളി, ദീവാലി സീസണുകളിലായി ഉജ്ജ്വൽ യോജന പ്രകാരം രണ്ട് വാതക സിലിണ്ടറുകൾ നൽകുമെന്നെല്ലാം പ്രകടനപത്രികയിൽ അവകാശപ്പെടുന്നു.

Summary: Stricter 'Love Jihad' Law, Ramayan University, Free Power for Farmers: BJP's Manifesto for UP Polls 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News