'ജാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം, ചംപയ് സോറൻ അതിലെ കണ്ണി: വിമർശനവുമായി കോൺഗ്രസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട ചംപയ് സോറൻ, അടുത്ത് തന്നെ ബി.ജെ.പിയിൽ ചേരും
റാഞ്ചി: ചംപയ് സോറനെ ഉപയോഗപ്പെടുത്തി ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായും അടുത്തിടെയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ ചംപയ് സോറന്‍ വ്യക്തമാക്കിയത്.
''ആദിവാസികളുടെ ക്ഷേമത്തിനായി പോരാടുന്ന കുടുംബമാണ് ഹേമന്ത് സോറൻ. ബി.ജെ.പി അദ്ദേഹത്തെ ജയിലിലേക്ക് അയച്ചു. കേസില്‍ ശക്തമായ പരാമര്‍ശം നടത്തി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ടാണ് ജാർഖണ്ഡിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്. കുഴപ്പങ്ങളുണ്ടാക്കി സര്‍ക്കാറിനെ ശല്യപ്പെടുത്തണം, അതിലെ കണ്ണിയാണ് ചംപയ് സോറന്‍''- പ്രമോദ് തിവാരി പറഞ്ഞു.
നേരത്തെ ചംപയ് സോറൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാൻ തന്നെ നിർബന്ധിതനാക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി കുരുക്കുമുറുക്കിയതോടെ സ്ഥാനമൊഴിഞ്ഞ ഹേമന്ത് സോറന് പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതായിരുന്നു ചംപയ് സോറൻ. അഞ്ച് മാസങ്ങൾക്ക് ശേഷം ഹേമന്ത് സോറൻ ജയിലിൽ നിന്ന് തിരിച്ചെത്തിയതോടെ ചംപയ് സ്ഥാനമൊഴിയുകയായിരുന്നു. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അതേസമയം ചംപയ് സോറന്‍, വെള്ളിയാഴ്ച ബി.ജെ.പിയിൽ ചേരുമെന്നാണ് ഏറ്റവും പുതിയ വിവരം.