റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഫ്ലാറ്റ്: കൊമ്പുകോര്‍ത്ത് ബി.ജെ.പിയും എ.എ.പിയും
അതീവ ദുർബല വിഭാഗങ്ങൾക്കായി സർക്കാർ നിർമിച്ച ഫ്ലാറ്റുകളിലേക്ക് റോഹിങ്ക്യൻ അഭയാർഥികളെ കേന്ദ്രസർക്കാർ മാറ്റുകയായിരുന്നു
ഇടവേളയ്ക്ക് ശേഷം റോഹിങ്ക്യ അഭയാർഥി പ്രശ്‌നം ചർച്ചയാക്കി ബി.ജെ.പി. ആം ആദ്മി പാര്‍ട്ടിയാണ് റോഹിങ്ക്യക്കാരെ സംരക്ഷിക്കുന്നതെന്നു ബി.ജെ.പി ആരോപിച്ചു. അതേസമയം അഭയാർഥി വിഷയത്തിൽ കേന്ദ്രമാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു.
അതീവ ദുർബല വിഭാഗങ്ങൾക്കായി സർക്കാർ നിർമിച്ച ഫ്ലാറ്റുകളിലേക്ക് റോഹിങ്ക്യൻ അഭയാർഥികളെ മാറ്റുമെന്ന് കേന്ദ്രഭവന നിർമാണ മന്ത്രി ഹർദീപ് സിങ് പുരിയാണ് അറിയിച്ചത്. എന്നാൽ റോഹിങ്ക്യകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ഡൽഹിയിലെ ആം ആദ്മി സർക്കാർ ആണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ഹർദീപ് പുരിക്ക് ബി.ജെ.പി രാഷ്ട്രീയം വേണ്ടത്ര പിടിയില്ലാത്തതിനാലാണ് റോഹിങ്ക്യൻ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതെന്ന് സംഘപരിവാറിലെ ഒരു വിഭാഗം വാദിക്കുന്നു. റോഹിങ്ക്യൻ അഭയാർഥികൾ ഒരിക്കലും ഇന്ത്യൻ പൗരന്മാർ ആവുകയില്ലെന്നും അവരെ മടക്കി അയക്കുമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
അഭയാർഥികൾക്ക് ആദ്യം താമസ സൗകര്യം ഒരുക്കിയത് ആം ആദ്മി സർക്കാർ ആണെന്നാണ് ബി.ജെ.പിയുടെ വാദം. ഈ പ്രചാരണം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ആം ആദ്മിയെ റോഹിങ്ക്യയുടെ പേരിൽ പിടിച്ചു കെട്ടാനുള്ള ബി.ജെ.പി തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്.