'ഹരിയാനയിൽ ബിജെപി മൂന്നാം തവണ അധികാരത്തിലെത്തും, കോൺഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തും': ഹരിയാന മുഖ്യമന്ത്രി
എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ബിജെപി മൂന്നാം തവണയും സമ്പൂർണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങളിൽ മുന്നിലുള്ള കോൺഗ്രസിനെ കടന്നാക്രമിച്ചായിരുന്നു നയാബിൻ്റെ പ്രസ്താവന.
'ഒക്ടോബർ എട്ടിന് ഞങ്ങൾ സർക്കാർ രൂപീകരിക്കും. തങ്ങളുടെ തോൽവിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ (ഇവിഎം) കോൺഗ്രസ് കുറ്റപ്പെടുത്തും. വിവേചനമില്ലാതെ എല്ലാ വിഭാഗത്തിനും വേണ്ടി ബിജെപി പ്രവർത്തിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കു'മെന്നും അദ്ദേഹം പറഞ്ഞു.
'എക്സിറ്റ് പോളുകൾക്ക് അവരുടേതായ സംവിധാനമുണ്ട്. എന്നാൽ ഞങ്ങളുടെ നേതാക്കൾക്ക് ജനങ്ങളുമായി നേരിട്ടാണ് ബന്ധം. മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരണമെന്നാണ് ഹരിയാനയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്.'- അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 67 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണ് നിരവധി എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്.