ലഹരിവേട്ട: എന്‍സിബി ഉദ്യോഗസ്ഥരോടൊപ്പം താനും കപ്പലിലുണ്ടായിരുന്നുവെന്ന് ബിജെപി പ്രവർത്തകൻ
മന്ത്രി തന്‍റെ ജീവന്‍ അപകടത്തിലാക്കി. സുരക്ഷ നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്ന് ബിജെപി പ്രവര്‍ത്തകന്‍
മുംബൈ ആഡംബര കപ്പലിലെ ലഹരിവേട്ട വ്യാജമെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ ആരോപണത്തിന് മറുപടിയുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. അന്വേഷണത്തിൽ പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കോടതിയിൽ മറുപടി പറയാമെന്നും എന്‍സിബി ഡെപ്യൂട്ടി ജനറൽ ജ്ഞാനേശ്വർ സിംഗ് പ്രതികരിച്ചു. നിയമപ്രകാരമാണ് എല്ലാം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കപ്പലില്‍ റെയ്ഡ് നടക്കുമ്പോള്‍ താനും എന്‍സിബി ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകന്‍ മനീഷ് ഭാനുശാലി സമ്മതിച്ചു.
ആഡംബര കപ്പലിലെ എന്‍സിബിയുടെ ലഹരിവേട്ട വ്യാജമാണെന്നും കപ്പലില്‍ നിന്ന് ഒരു ലഹരിമരുന്നും പിടിച്ചെടുത്തിട്ടില്ലെന്നുമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. പുറത്തുവിട്ട ലഹരിമരുന്നുകളുടെ ചിത്രങ്ങള്‍ എന്‍സിബി ഓഫീസില്‍ നിന്ന് എടുത്തതാണ്. റെയ്ഡിന് പിന്നില്‍ ബിജെപിയാണെന്നും മന്ത്രി ആരോപിച്ചു. റെയ്ഡ് നടക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ പി ഗോസവി എന്ന പേരുള്ള ഒരാളാണ് ആര്യൻ ഖാനെ മുംബൈയിലെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത്. ആര്യൻ ഖാനൊപ്പം ഒരു സെൽഫിയും ഇയാള്‍ എടുത്തിട്ടുണ്ട്. ഇയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് എന്‍സിബി വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയോട് തന്‍റെ ആദ്യ ചോദ്യം കെ പി ഗോസവിയുമായുള്ള ബന്ധം എന്താണ് എന്നാണെന്നും നവാബ് മാലിക് വ്യക്തമാക്കി. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് മനീഷ് ഭാനുശാലി എന്നയാളാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. ഇയാള്‍ ബിജെപി നേതാവാണെന്നും നവാബ് മാലിക് പറഞ്ഞു.
പിന്നാലെ മറുപടിയുമായി മനീഷ് ഭാനുശാലി രംഗത്തെത്തി- "ബിജെപിക്ക് ഇതില്‍ ഒരു പങ്കുമില്ല. കപ്പലിലെ ലഹരിപ്പാര്‍ട്ടിയെ കുറിച്ച് ഒക്ടോബര്‍ 1ന് എനിക്ക് വിവരം ലഭിച്ചു. ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലാണ് ഈ വിവരം എന്‍സിബിക്ക് കൈമാറിയത്. ഞാന്‍ കപ്പലില്‍ എന്‍സിബി ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു. നവാബ് മാലിക് എന്‍റെ ജീവന്‍ അപകടത്തിലാക്കി. എനിക്ക് സുരക്ഷ നല്‍കണമെന്ന് അധികൃതരോട് ഞാന്‍ ആവശ്യപ്പെടും. നവാബ് മാലികിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യും".