മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ അതൃപ്തി; രാഷ്ട്രീയം മതിയാക്കി ബിജെപി എംപി ബാബുൽ സുപ്രിയോ
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും രാഷ്ട്രീയം വിടാനുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി
രാഷ്ട്രീയം ഉപേക്ഷിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ. ഒരു രാഷ്ട്രീയ പാർട്ടിയിലും ഇനി പ്രവർത്തിക്കാനില്ലെന്ന് സുപ്രിയോ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിറകെ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
വിട, ഇനി ഒരു പാർട്ടിയിലേക്കുമില്ല. തൃണമൂൽ കോൺഗ്രസോ കോൺഗ്രസോ സിപിഎമ്മോ ആരും തന്നെ ക്ഷണിച്ചിട്ടില്ല. എവിടേക്കുമില്ല. സാമൂഹിക പ്രവർത്തനം ചെയ്യാൻ രാഷ്ട്രീയത്തിന്റെ ആവശ്യവുമില്ല-ഫേസ്ബുക്കില്‍ പങ്കുവച്ച ദീർഘമായ കുറിപ്പിൽ ബാബുൽ സുപ്രിയോ പറഞ്ഞു.
ബോളിവുഡ് ഗായകനായ സുപ്രിയോ ബംഗാളിലെ അസൻസോളിൽനിന്നുള്ള പാർലമെന്റ് അംഗമാണ്. ബംഗാൾ ബിജെപിയിലെ പ്രമുഖ നേതാക്കളിലൊരാള്‍. കേന്ദ്ര വനം, പരിസ്ഥിതി സഹമന്ത്രിയായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യത്തിൽ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഒഴിവാക്കിയിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും ഒരുപരിധി വരെ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും സുപ്രിയോ ഫേസ്ബുക്കില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ആരെയും വഞ്ചിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിലപേശൽ തന്ത്രത്തിന്റെ ഭാഗമായല്ല രാഷ്ട്രീയം വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അച്ഛൻ, അമ്മ, ഭാര്യ, മകൾ, സുഹൃത്തുക്കൾ.. എല്ലാവരുടെയും വാക്കുകൾ കേട്ടു. തൃണമൂൽ, കോൺഗ്രസ്, സിപിഎം അടക്കം ഒരു പാർട്ടിയിലേക്കുമില്ലെന്നു പറയുകയാണ്. ഒരൊറ്റ ടീമിൽ മാത്രം കളിക്കുന്ന താരമാണ് ഞാൻ. എല്ലായ്‌പ്പോഴും ഒരേയൊരു ടീമിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ; മോഹൻ ബഗാനെ മാത്രം. ബംഗാളിൽ ബിജെപിയെ മാത്രമേ പിന്തുണച്ചിട്ടുമുള്ളൂ. അത്രയേയുള്ളൂ കാര്യം. ഞാൻ പോകുകയാണ്-ഫേസ്ബുക്ക് കുറിപ്പിൽ സുപ്രിയോ പറഞ്ഞു.